Viral

‘മുകേഷ് അംബാനിയുടെ ആന്റിലിയയില്‍ ഉപയോഗിക്കുന്നത് 7000 വീടുകള്‍ക്ക് ആവശ്യമായ വൈദ്യുതി’; ആഢംബര ബംഗ്ലാവിലെ കൗതുകങ്ങള്‍…-Mukesh Ambani’s house Antilia

മുംബൈ: ലോകത്തിലെ ഏറ്റവും ചിലവേറിയ സ്വകാര്യവസതികളില്‍ ഒന്നാണ് മുകേഷ് അംബാനിയുടെ മുംബൈയിലെ ആന്റിലിയ എന്ന വീട്. 27 നിലകളിലായി അത്യാഢംബര സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്ന വസതിയാണ് ആന്റിലിയ. 173 മീറ്റര്‍ ഉയരത്തില്‍ 37,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ ഒരുക്കിയിരിക്കുന്ന ആന്റിലിയയുടെ സവിശേഷതകള്‍ ഏറെയാണ്. ഇപ്പോള്‍ ഇതാ ആന്റിലിയയുമായി ബന്ധപ്പെട്ട പുതിയൊരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ ഏറെ കൗതുകകരമായി തോന്നിയേക്കാം..

മുംബൈയിലെ ശരാശരി 7,000 വീടുകള്‍ക്ക് ആവശ്യമായി വരുന്ന വൈദ്യുതിയാണ് ആന്റിലിയയില്‍ ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2010ല്‍ അംബാനി കുടുംബം ആന്റിലിയയിലേക്ക് താമസം മാറിയതിന് ശേഷമുളള ആദ്യ മാസത്തെ വൈദ്യുതി ഉപയോഗം ഏകദേശം 6,37,240 യൂണിറ്റായിരുന്നു. അതായത് ഏകദേശം 70 ലക്ഷം രൂപയായിരുന്നു ആ മാസത്തെ കറന്റ് ബില്ല്. 168 കാറുകള്‍ക്കുള്ള പാര്‍ക്കിംഗ്, സ്പാ, ഹെല്‍ത്ത് കെയര്‍ സെന്റര്‍, ഒരു ക്ഷേത്രം, ഒരു ടെറസ് ഗാര്‍ഡന്‍, വലിയ എലിവേറ്ററുകള്‍, ഒരു തിയേറ്റര്‍, സ്വിമ്മിംഗ് പൂള്‍, മൂന്ന് ഹെലിപാഡുകള്‍ തുടങ്ങി നിരവധി ആഡംബര സൗകര്യങ്ങളുള്ള മുംബൈയിലെ 27 നിലകളുള്ള ഒരു കെട്ടിടമാണ് ആന്റിലിയ.

റിക്ടര്‍ സ്‌കെയിലില്‍ എട്ട് വരെ രേഖപ്പെടുത്തുന്ന തീവ്രതയുള്ള ഭൂകമ്പങ്ങളെ നേരിടാന്‍ ഈ കെട്ടിടത്തിന് കഴിയും. 2006 മുതല്‍ 2010 വരെ 4 വര്‍ഷമെടുത്താണ് ഈ വസതി നിര്‍മ്മിച്ചത്. ഏകദേശം 15,000 കോടി രൂപയാണ് ഇതിന്റെ നിര്‍മ്മാണ ചിലവ്. 1.120 ഏക്കറിലാണ് ആന്റിലിയ സ്ഥിതിചെയ്യുന്നത്. ഇതിന്റെ ഇന്റീരിയറില്‍ താമരയുടെയും സൂര്യന്റെയും ഡിസൈനുകളാണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. ഓരോ നിലയും വ്യത്യസ്തമാണ്. 600 സ്റ്റാഫുകളാണ് ആന്റിലിയയിലുള്ളത്. പ്രതിമാസം 1.5 മുതല്‍ 2 ലക്ഷം രൂപ വരെയാണ് ആന്റിലിയയിലെ ജീവനക്കാരുടെ വരുമാനം. ഇവര്‍ക്കായി പ്രത്യേക സ്യൂട്ടുകളും ബംഗ്ലാവില്‍ ഒരുക്കിയിട്ടുണ്ട്.

പതിനഞ്ചാം നൂറ്റാണ്ടിലെ പല മാപ്പുകളിലും ഇടം നേടിയിരുന്ന ഒരു ദ്വീപിന്റെ പേരാണ് ആന്റിലിയ. ഏഴ് നഗരങ്ങളുടെ ദ്വീപ് എന്നും ആന്റിലിയ വിശേഷിപ്പിക്കപ്പെട്ടിരുന്നു. ഈ പോരാണ് മുകേഷ് അംബാനി തന്റെ വീടിനും നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് കപ്പല്‍ യാത്രികര്‍ക്ക് സംഭവിച്ച അബദ്ധമാണെന്നും അത്തരമൊരു ദ്വീപ് യഥാര്‍ത്ഥത്തില്‍ ഇല്ല എന്നും പിന്നീട് വെളിപ്പെട്ടു.

Latest News