അടുത്തകാലത്തായി വലിയ ഡിമാന്‍ഡ് ഉള്ള ഒരു വിഭവമാണ് ചട്ടിച്ചോറ്. ചട്ടിച്ചോറെന്ന് പറയുമ്പോള്‍ പേര് പോലെ തന്നെ ചട്ടിക്കകത്ത് നല്ല സുന്ദരമായ രീതിയില്‍ ഓരോ കറികളും അടുക്കി അടുക്കി വെച്ചാണ് നമ്മുടെ മുന്‍പിലേക്ക് എത്തുന്നത്. ചട്ടിച്ചോറ് കഴിക്കാനായി മാത്രം കിലോമീറ്ററുകളോളം സഞ്ചരിച്ച ആള്‍ക്കാരും നമ്മുടെ ചുറ്റുമുണ്ട്. പക്ഷേ വെറുതെ ചട്ടിയില്‍ ഇട്ട് കഴിക്കുന്നത് കൊണ്ട് കാര്യമില്ല, നല്ല രുചികരമായ വിഭവങ്ങള്‍ വേണം ആ ചട്ടിയില്‍ നിറയാന്‍.
ഇനി മറ്റൊരു വിഭവത്തെക്കുറിച്ച് പറയാം, നമ്മുടെ സ്വന്തം മട്ടന്‍ ബിരിയാണി. ഭക്ഷണപ്രേമികളുടെ മെനു കാര്‍ഡുകളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന വിഭവമാണ് മട്ടന്‍ ബിരിയാണി. എത്ര ചിക്കന്‍ ബിരിയാണി വന്നാലും മട്ടന്‍ ബിരിയാണിയുടെ തട്ട് താണു തന്നെ ഇരിക്കും അല്ലേ.. അപ്പോള്‍ നല്ല കിടിലന്‍ മട്ടന്‍ ബിരിയാണിയും ചട്ടി ചോറും ഒരേ കടയില്‍ നിന്ന് കഴിക്കാന്‍ സാധിച്ചാലോ!. അതെങ്ങനെ ഉണ്ടാവും?..പൊളിക്കും അല്ലേ…അങ്ങനെങ്കില്‍ പോരെ ഒരു അടിപൊളി ഫുഡ്സ്പോട്ട് പരിചയപ്പെടാം. ദൂരെ എങ്ങും പോകണ്ട, നമ്മുടെ തിരുവനന്തപുരത്ത് തന്നെയാണ് സംഭവം. ക്രേവ് മള്‍ട്ടി കുസീന്‍ റസ്റ്റോറന്റ്.
ഇവിടുത്തെ ചട്ടിച്ചോര്‍ എന്ന് പറയുമ്പോള്‍ നമ്മളെ സംബന്ധിച്ച് രണ്ടു പേര്‍ക്ക് സുഖമായി കഴിക്കാവുന്നതായിരിക്കും. അപ്പോള്‍ രണ്ട് പേര് പോകുകയാണെങ്കില്‍ ഒരെണ്ണം വാങ്ങിച്ചാല്‍ മതിയാകും. അങ്ങനെ നോക്കിയാല്‍ കാശും അധികമായിരിക്കില്ല, ബാക്കിയും വരില്ല. കുറച്ചു സമയം മാത്രം ഒന്ന് വെയിറ്റ് ചെയ്താല്‍ മതി ആഹാരം മുമ്പിലെത്തും. ചട്ടിച്ചോറില്‍ കണവ, കൊഞ്ച്, മീന്‍ പൊരിച്ചത്, മീന്‍ കറി, മുട്ട പൊരിച്ചത്, അവിയല്‍, പപ്പടം, രസം, തോരന്‍, അച്ചാര്‍, പായസം തുടങ്ങി പലവിധ കറികള്‍ കാണാം. നല്ല അളവില്‍ കഴിക്കുന്നവര്‍ക്ക് ഒരുപക്ഷേ ഇത് ഒറ്റയ്ക്ക് കഴിക്കാന്‍ കഴിഞ്ഞേക്കും. സംഭവം കിടുക്കാച്ചിയാണ്. കഴിച്ച് തുടങ്ങിയാല്‍ പിന്നെ രുചിയുടെ പെരുമഴ പെയ്ത്താണ്. ഏത് കറി എന്ത് കറി എന്നൊന്നും നോക്കാനൊന്നും നമുക്ക് സമയം കിട്ടിയില്ല. രുചി കാരണം വാരി വലിച്ചു കൊതി തീരും വരെ കഴിച്ചുപോകും. അവസാനം വയറ് നിറഞ്ഞാല്‍ ഇനി കഴിക്കാന്‍ പറ്റില്ലല്ലോ എന്ന വിഷമം മാത്രം ബാക്കിയാകും.
മട്ടന്‍ ലവേഴ്സ് വിഷമിക്കേണ്ട, ഒട്ടും തന്നെ പിന്നിലല്ലായിരുന്നു മട്ടന്‍ ബിരിയാണിയും. നല്ല കിടു ബിരിയാണി. പറയാന്‍ കാരണമെന്താണെന്നോ, കൈമ അരിയില്‍ എസ്സന്സൊന്നും ചേര്‍ക്കാത്ത നല്ല അസ്സല് രുചിയുള്ള മട്ടന്‍ ബിരിയാണി ആയിരുന്നു മുന്നിലെത്തിയത്. നല്ല മൃദുത്വമുണ്ടായിരുന്നു. പാകത്തിനുള്ള വേവും. നല്ല ടോപ്പ് ക്ലാസ്സ് ബിരിയാണി. അങ്ങനെ എല്ലാം കൊണ്ടും സംതൃപ്തിയോടെ നമുക്ക് കഴിച്ചിറങ്ങാം. ലൊക്കേഷന്‍: പൂജപ്പുര നിന്ന് കുഞ്ചാലുംമൂട് പോകുന്ന വഴിക്ക് ജയില്‍ അധികൃതര്‍ നടത്തുന്ന ഇന്ത്യന്‍ ഓയില്‍ പെട്രാള്‍ പമ്പ് എത്തുന്നതിന് കുറച്ച് മുമ്പായി ഇടതുവശത്തായി കാണാം.
Crave Multi cuisine Restaurant
Lakshmi’s Arcade
Opposite Pareeksha Bhavan
Poojapura
090371 54223