മേപ്പാടി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 366 ആയി ഉയർന്നു. ഉരുൾദുരന്തം നടന്ന് അഞ്ച് ദിവസത്തിന് ശേഷവും മരണസംഖ്യ ഉയരുകയാണ്. കാണാതായവർക്കായുള്ള തിരച്ചിൽ ശക്തമാക്കി. 200ലധികം ആളുകളേയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവർക്കായുള്ള തിരച്ചിലിൽ ആധുനിക സംവിധാനങ്ങളുൾപ്പെടെ ഉപയോഗിക്കുന്നുണ്ട്.
മരിച്ചവരെ കണ്ടെത്താനുള്ള തിരച്ചിലില്‍ മലപ്പുറം മുണ്ടേരിയിലെ ചാലിയാറില്‍നിന്ന് ശനിയാഴ്ച മാത്രം മൂന്ന് മൃതദേഹങ്ങളും 13 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഇവ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍നിന്ന് വയനാട്ടിലേക്ക് കൊണ്ടുപോയി.
ചാലിയാറില്‍നിന്ന് ശനിയാഴ്ച ആകെ 12 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. രണ്ട് മൃതദേഹങ്ങള്‍ ചൂരല്‍മലയില്‍നിന്ന് കണ്ടെടുത്തതടക്കം ഇന്ന് ആകെ 14 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ചാലിയാറിന്റെ കോഴിക്കോട്, മലപ്പുറം ജില്ലകളുടെ ഭാഗങ്ങളില്‍ നാളെയും പരിശോധന തുടരും.
വയനാട്ടിലെ ദുരന്തത്തില്‍ അഞ്ചുദിവസങ്ങളിലായി മലപ്പുറത്ത് ചാലിയാറില്‍നിന്ന് കണ്ടെത്തിയത് 73 മൃതദേഹങ്ങളും 132 ശരീരഭാഗങ്ങളുമാണ്. മൃതദേഹങ്ങളില്‍ 37 പുരുഷന്‍മാരുടേതും 29 സത്രീകളുടേതും ഏഴ് കുട്ടികളുടേതും ഉള്‍പ്പെടുന്നു.