ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തായ്ലാന്‍ഡില്‍ എത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു കാഞ്ചനാബുരി. ഇവിടുത്തെ പ്രധാന ആകര്‍ഷണം വിഖ്യാതമായിരുന്ന ‘ടൈഗര്‍ ടെമ്പിള്‍’ ആയിരുന്നു. ബുദ്ധസന്ന്യാസിമാരാല്‍ പരിപാലിക്കപ്പെട്ടിരുന്ന മനുഷ്യരുമായി അടുത്ത് ഇടപഴകിയിരുന്ന കടുവകളെ അത്ഭുതത്തോടും കൗതുകത്തോടും അടുത്ത് കാണുവാനും ആലിംഗനം ചെയ്യുവാനും പാലൂട്ടുവാനും സഞ്ചാരികളുടെ വലിയൊരു നിര പ്രതിദിനം ഇവിടേക്ക് ഒഴുകിയെത്തിയിരുന്നു.കാഞ്ചനബുരി പ്രവിശ്യയിലെ സായ് യോക്ക് ജില്ലയിലെ ഒരു ബുദ്ധക്ഷേത്രമായിരുന്നു ടൈഗർ ടെമ്പിൾ എന്നറിയപ്പെട്ടിരുന്ന വാട്ട് ഫാ ലുവാങ് ടാ ബുവ യാനസമ്പന്നോ ക്ഷേത്രം . 1994 ൽ ഒരു വനക്ഷേത്രമായാണ് ഈ ക്ഷേത്രം സ്ഥാപിക്കപ്പെട്ടത്. കടുവകളുടെ സങ്കേതമായിരുന്നു ഈ ക്ഷേത്രം.
മാംസഭോജികളായ കടുവകളുമൊത്തു അടുത്ത് ഇടപെഴകാനും ചിത്രങ്ങൾക്ക് പോസ് ചെയ്യുന്നതിനും സന്ദർശകരെ അനുവദിക്കുന്ന ലോകത്തിലെ ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് തായ്‌ലൻഡിലെ ടൈഗർ ടെംബിൾ. കടുവകൾ ബുദ്ധസന്യാസിമാരോടും സന്ദർശകരോടും സ്വതന്ത്രമായും സമാധാനപരമായുമാണ് ഇവിടെ ഇടപഴകുന്നത്. ഇവിടുത്തെ കടുവകളെ വേട്ടക്കാരിൽ നിന്ന് രക്ഷപ്പെടുത്തിയതായാണ് ക്ഷേത്രം അവകാശപ്പെട്ടിരുന്നത്. അതിനാൽ അനേകം ആളുകളാണ് ഈ സ്ഥാപനത്തെ പിന്തുണച്ചിരുന്നത്. കടുവ ക്ഷേത്രത്തിൽ പ്രവേശന ഫീസ് ഈടാക്കിയാണ് സന്ദർശകരെ അനുവദിച്ചിരുന്നത്.60 ഏക്കറിലായി പരന്നുകിടക്കുന്ന തീം പാർക്കായിരുന്നു ടൈഗർ ക്ഷേത്രം. നൂറുകണക്കിന് മാനുകൾ, പന്നികൾ, പശുക്കൾ എന്നിവ സമാധാനത്തോടെ ഇവിടെ. ഒപ്പം സിവെറ്റ് പൂച്ചകൾ, പോണികൾ, പന്നിക്കൂട്ടം എല്ലാമുണ്ടായിരുന്നു. കടുവകൾ മിക്കവാറും കോൺക്രീറ്റ് സെല്ലുകളിൽ ഒതുങ്ങി. പിന്നീട് അവയ്ക്കുവേണ്ടി പാറക്കെട്ടുകളും കുളവും നിറഞ്ഞ ഒരു കൃത്രിമ ആവാസ കേന്ദ്രം നിർമ്മിച്ചു.
എന്നാല്‍ കടുവാ ക്ഷേത്രം കടുവകളുടെ കശാപ്പുകേന്ദ്രവും നരകവുമാണെന്ന് ലോകം ഞെട്ടലോടെ തിരിച്ചറിഞ്ഞതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.വന്യമൃഗസംരക്ഷണത്തിന്റെ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി ഒരുകൂട്ടം ബുദ്ധസന്ന്യാസിമാര്‍ കച്ചവടതാല്പര്യാര്‍ത്ഥം കടുവകളെ ക്രൂരമായി പീഡിപ്പിച്ചിരുന്നതും അവിടെ നടത്തിയ പരിശോധനയില്‍ കടുവാകുഞ്ഞുങ്ങളുടേതുള്‍പ്പടെ അനധികൃതമായി സൂക്ഷിച്ചിരുന്ന വന്യമൃഗങ്ങളുടേയും പക്ഷികളുടേയും മൃതശരീരങ്ങള്‍ കണ്ടെത്തിയതും സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ വേദനാജനകമായ വാര്‍ത്തയായിരുന്നു. ചരിത്രപ്രസിദ്ധമായിരുന്ന ഒരു ബുദ്ധസങ്കേതം അങ്ങനെ കുപ്രസിദ്ധിയിലേക്ക് കൂപ്പുകുത്തി. പിന്നീട് നടന്ന റെയ്‌ഡിൽ 137 കടുവകളെ കണ്ടുകെട്ടി. അവിടെനിന്നും ഫോർമാൽഡിഹൈഡ് ലായനിയിൽ മുക്കിവെച്ചിരുന്ന 40 കടുവകുഞ്ഞുങ്ങളുടെ മരവിച്ച മൃതദേഹങ്ങളെയും അധികൃതർ കണ്ടെടുത്തു. അവയിൽ ചിലത് അഞ്ച് വർഷത്തിലേറെയായി പഴക്കമുള്ളതായിരുന്നു. 2016 മെയ് മാസത്തിൽ തായ്‌ലൻഡ് വന്യജീവി സംരക്ഷണ ഓഫീസ് (ഡബ്ല്യുസിഒ) കടുവകളെ പിടികൂടി സ്ഥലം മാറ്റി ഈ ക്ഷേത്രം അടച്ചു.