ഷിംല: ഹിമാചൽ പ്രദേശിലെ രാംപുരയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു. മണ്ണിൽ പുതഞ്ഞവരെ കണ്ടെത്താനായി എസ്കവേറ്ററുകളും കെഡാവർ നായ്ക്കളേയും എത്തിച്ചെന്ന് കരസേന അറിയിച്ചു.
ഹിമാചല്‍പ്രദേശില്‍ മേഘവിസ്‌ഫോടനത്തെതുടര്‍ന്നുണ്ടായ പ്രളയത്തില്‍ അമ്പതോളം പേര്‍ മരിച്ചതായി കണക്കാക്കുന്നുവെന്ന് സംസ്ഥാനത്തെ മന്ത്രി വിക്രമാദിത്യ സിങ് പറഞ്ഞു. രക്ഷാദൗത്യം പൂര്‍ത്തിയായതിന് ശേഷം മാത്രമേ മരിച്ചവരുടെ എണ്ണം ഔദ്യോഗികമായി പറയാനാകുകയുള്ളൂ. മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഓഗസ്റ്റ് 7 വരെ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു പ്രളയം ബാധിച്ച കുടുംബങ്ങള്‍ക്ക് 50,000 രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.
ഗുജറാത്ത്, അസം, മേഘാലയ, വെസ്റ്റ് മധ്യപ്രദേശ്, ഈസ്റ്റ് മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ശനിയാഴ്ച കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.