രാജാവിന്റെ കല്ലറ തുറന്ന ഗവേഷകർ അസ്വാഭാവികമായി മരിച്ചു വീഴുക . പോളണ്ടിലെ കശിമിഷ് യഗിലോഞ്ച്ക് നാലാമന്‍ രാജാവിന്റെ കല്ലറ തുറന്ന ഗവേഷകരാണ് അസ്വാഭാവികമായി പല ദിവസങ്ങളിൽ മരിച്ചു വീണത്. നേരത്തെ തുത്തൻഖാമന്റെ കല്ലറ തുറന്നവരെ ഫറവോയുടെ ശാപം പിന്തുടർന്നെന്ന കഥ അറിഞ്ഞ ഗവേഷകർ ഇവിടെയും ഒന്ന് ഭയന്നെങ്കിലും പിന്നീട് ഒരു കാര്യം വ്യക്തമായി . ഇത് ശാപമല്ല , ഇതിനു പിന്നിൽ ഒരു ശാസ്ത്ര രഹസ്യമുണ്ട് എന്ന്.1447 മുതൽ 1492 വരെ പോളണ്ട് ഭരിച്ചിരുന്നത് കശിമിഷ് ആയിരുന്നു. പോളണ്ടിലെ ക്രാക്കോവിലുള്ള ഒരു കൊട്ടാരത്തോടു ചേർന്നായിരുന്നു രാജാവിന്റെയും പത്നിയുടെയും കല്ലറ . കല്ലറ തുറന്ന് നാലു ദിവസത്തിനകം ഗവേഷക സംഘത്തിലെ നാലു പേർ മരിച്ചു. തൊട്ടടുത്ത ദിവസങ്ങളിൽ മറ്റുള്ളവരും. ഒടുവിൽ ആകെ അവശേഷിച്ചത് രണ്ടേ രണ്ടു പേർ മാത്രമായിരുന്നു.
1973 ഏപ്രിൽ 13നാണ് ഈ കല്ലറ തുറക്കാൻ തീരുമാനമായത്. 12 ഗവേഷകരെയാണ് ഇതിനു വേണ്ടി നിയോഗിച്ചത്. കല്ലറ തുറന്ന് അകച്ചു കയറിയപ്പോൾ ആദ്യം കണ്ണിൽപ്പെട്ടത് മരം കൊണ്ടുള്ള ശവപ്പെട്ടി. അതാകട്ടെ ദ്രവിച്ചു പൊടിഞ്ഞ അവസ്ഥയിലും. അതോടൊപ്പം രാജാവിന്റെ ഭൗതിക ശരീരാവശിഷ്ടങ്ങളും ദ്രവിച്ച നിലയിൽ അവിടെ ചിതറിക്കിടന്നിരുന്നു. ഗവേഷകരിൽ പത്ത് പേരും മരിച്ചെങ്കിലും മൈക്രോബയോളജിസ്റ്റായ ഡോ.ബൊലേസ്‌ലോ സ്മൈക്കും ഡോ.എഡ്വേഡ് റോസിക്കിമും ജീവിച്ചു. സ്മൈക്കിനാകട്ടെ പിന്നീടുള്ള വർഷങ്ങളില്‍ ശ്വാസകോശ സംബന്ധിയായ പ്രശ്നങ്ങളായിരുന്നു. ശേഷിച്ചവർ മരിച്ചതെങ്ങനെയെന്ന അന്വേഷണവും എത്തിച്ചേർന്നത് ശ്വാസകോശ സംബന്ധിയായ പ്രശ്നങ്ങളിൽ തന്നെ . അങ്ങനെയാണ് രാജാവിന്റെ കല്ലറയിൽ നിന്നുള്ള വസ്തുക്കൾ പരിശോധിച്ചത്. കണ്ടെത്തിയതാകട്ടെ ഞെട്ടിപ്പിക്കുന്ന ഒരു കാര്യവും.
ശ്വസിച്ചാൽ മനുഷ്യശരീരത്തെ മാരകമായി ബാധിക്കുന്ന ഫംഗസുകളുടെ സാന്നിധ്യമായിരുന്നു അതിൽ- ആസ്പെർഗില്ലസ് ഫ്ലേവസ്, പെനിസിലിയം റെഗ്‌ലോസം, പെനിസിലിയം റബ്റം എന്നിവയായിരുന്നു ആ ഫംഗസുകൾ. ബി1, ബി2 എന്നീ അതീവമാരകമായ ‘അഫ്ലാടോക്സിൻ’ വിഭാഗത്തിലെ വിഷമാണ് ഈ ഫംഗസുകൾ ഉൽപാദിപ്പിക്കുക. ആയിരക്കണക്കിനു വർഷങ്ങൾ വരെ യാതൊരു പ്രശ്നവുമില്ലാതെ ജീവിക്കാൻ ശേഷിയുള്ളവയായിരുന്നു ഈ ഫംഗസുകൾ. കല്ലറകൾ തുറക്കുന്നതോടെ അന്തരീക്ഷത്തിലേക്ക് വായു കടന്നുവരുന്നതാണു പ്രശ്നം. അതോടെ ഫംഗസുകൾക്ക് അനക്കം തട്ടും. അവ വായുവിൽ കലരും. അത് ശ്വസിക്കുന്നതോടെ വിഷം ഉൽപാദിപ്പിക്കപ്പെടുകയും മരിക്കുകയും ചെയ്യും.രാജാവിന്റെ മരണകാരണവും ഈ ഫംഗസുകളാണെന്നാണു കരുതുന്നത്. അതല്ല, രാജാവിന്റെ മരണശേഷം കല്ലറയിൽ മോഷണത്തിനും മറ്റുമായെത്തുന്നവരെ ഇല്ലാതാക്കാൻ ഒരുക്കിയ കെണിയാണെന്നും പറയപ്പെടുന്നുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള മമ്മികളും മൈക്രോബയോളജിസ്റ്റുകൾ പരിശോധിച്ചു. 1999ൽ നടത്തിയ പരിശോധനയിൽ ഏകദേശം 40 മമ്മികളിൽ മാരകമായ ഫംഗസുകളെ കണ്ടെത്തിയിരുന്നു. പലതും മനുഷ്യനെ കൊന്നൊടുക്കാൻ തക്ക ശക്തിയുള്ളതായിരുന്നു.