തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തബാധിത പ്രദേശം സന്ദർശിക്കാനെത്തിയ മേജർ രവിക്കെതിരെ സൈനിക യൂണിഫോം ദുരുപയോഗം ചെയ്തെന്ന് കാണിച്ച് പരാതി. ഡിഫൻസ് സർവീസ് റെഗുലേഷൻ പ്രകാരം സൈന്യത്തിൽ നിന്നും വിരമിച്ചയാൾ സൈനിക യൂണിഫോം ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്നും മേജർ രവി സൈനിക യൂണിഫോം ദുരുപയോഗം ചെയ്തുവെന്നുമാണ് പരാതി.
വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ ആർ.എ അരുൺ എന്നയാളാണ് പരാതി നൽകിയത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും പൊലീസിനും പ്രതിരോധ മന്ത്രാലയത്തിനും ഇയാൾ പരാതി നൽകിയിട്ടുണ്ട്.
മേജര്‍ രവിയുടെ നടപടി പൊതുജനത്തിനും രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടവര്‍ക്കും തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് മാത്രമല്ല, സുരക്ഷാ പ്രശ്‌നവും ഉയർത്തുന്നതാണ്. ഇക്കാര്യത്തില്‍ ഉചിതമായ അന്വേഷണം നടത്തി മേജര്‍ രവിക്കെതിരെ നടപടിയെടുക്കണമെന്നാണ് അരുണ്‍ പരാതിയിലൂടെ ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, കേരള മുഖ്യമന്ത്രി, ഡിജിപി, വയനാട് എസ് പി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.
സൈനിക യൂണിഫോം ദുരുപയോഗം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണ് മേജര്‍ രവിയുടെ പ്രവര്‍ത്തി. ഇത് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉയര്‍ത്തും. ദേശസുരക്ഷയ്ക്ക് ഭീഷണിയാണ്. മേജര്‍ രവിക്കെതിരെ നടപടിയെടുത്ത് ഇന്ത്യന്‍ മിലിട്ടറി യൂണിഫോമിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും പരാതിയില്‍ ചൂണ്ടികാട്ടുന്നു.
ദുരന്തമുഖത്ത് സൈന്യം നടത്തുന്ന സേവനത്തില്‍ തനിക്ക് അഭിമാനം ഉണ്ടെന്നും എന്നാല്‍ സൈനിക യൂണിഫോമില്‍ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതുള്‍പ്പെടെ മേജര്‍രവിയുടെ പ്രവര്‍ത്തിയെ ശക്തമായി അപലപിക്കുന്നുവെന്നും അരുണ്‍ പറയുന്നു.