Thiruvananthapuram

പൊന്മുടി ഇക്കോ ടൂറിസം നാളെ മുതൽ തുറന്ന് പ്രവർത്തിക്കും

തിരുവനന്തപുരം: പൊന്മുടി ഇക്കോ ടൂറിസം നാളെ ഞായറാഴ്ച (04.08.2024) മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. കനത്ത മഴയുടെ സാഹചര്യത്തിൽ മണ്ണിടിച്ചിൽ ഭീഷണിയുളള പൊൻമുടി ഇക്കോ ടൂറിസം കഴിഞ്ഞ ദിവസം മുതൽ അടച്ചിട്ടിരിക്കുകയായിരുന്നു. മഴ അൽപ്പം ശമിച്ചതോടെയാണ് വീണ്ടും വിനോദസഞ്ചാരികൾക്ക് പ്രവേശം അനുവദിച്ചത്.

തിരുവനന്തപുരത്ത് മഴ അൽപ്പം ശമിച്ചെങ്കിലും സംസ്ഥാനത്ത് ചില ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്നും കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ ജാഗ്രത പാലിക്കണം. ജലാശയങ്ങളിൽ ഇറങ്ങരുതെന്നാണ് നിര്‍ദ്ദേശം.

കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. കള്ളകടൽ മുന്നറിയിപ്പുണ്ട്. മധ്യകേരളം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെയായി ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്. മൺസൂൺ പാത്തിയും സജീവമാണ്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.

Latest News