അറിയുവിൻ മുറിവേറ്റ ശൈലങ്ങൾ നമ്മൾക്ക് വറുതിയും മൃതിയും വിധിക്കുമല്ലോ…എന്ന് കവിയത്രി സുഗതകുമാരി പണ്ട് നൊന്തുപാടിയത് വെറുതെയല്ല. മുണ്ടക്കൈയും ചൂരൽമലയും ഒറ്റ രാത്രി കൊണ്ടാണ് മണ്ണിനടിയിലായത്. ആ നടുക്കത്തിൽ നിന്നും ഇതുവരെ ആളുകൾ കരകയറിയിട്ടില്ല. 219 മരണമാണ് സർക്കാർ സ്ഥിരീകരിച്ചത്. ആറാം ദിവസത്തെ തിരച്ചിൽ രാവിലെ തുടങ്ങി. ശനിയാഴ്ച നാല് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഒന്ന് മുണ്ടക്കൈയിൽനിന്നും. ചാലിയാറിൽനിന്ന് 16 ശരീരഭാഗങ്ങൾ കിട്ടി. ഇതോടെ ചാലിയാറിൽനിന്ന് ലഭിച്ച മൃതദേഹങ്ങളുടെ എണ്ണം 71 ആയി. 134 ശരീരഭാഗങ്ങളും ചാലിയാറിൽനിന്നും വനത്തിൽനിന്നുമായി ലഭിച്ചു. മൃതദേഹങ്ങളിൽ 35 എണ്ണം പുരുഷൻമാരുടേതും 27 എണ്ണം സ്ത്രീകളുടേതും നാലെണ്ണം ആൺകുട്ടികളുടേതും അഞ്ചെണ്ണം പെൺകുട്ടികളുടേതുമാണ്. ശരീരഭാഗങ്ങൾ സംസ്കരിക്കാൻ നിലമ്പൂരിൽ തന്നെ സർക്കാർ സൗകര്യമൊരുക്കി.
93 ദുരിതാശ്വാസ ക്യാമ്പുകളിലായി 10,042 പേരാണ് കഴിയുന്നത്. ചൂരല്‍മലയില്‍ 10 ക്യാമ്പുകളിലായി 1,707 പേരുമുണ്ട്. കാണാതായവരെ കണ്ടെത്തുന്നതിനായി മൃതദേഹങ്ങളുമായി ബന്ധപ്പെട്ട ഫോട്ടോഗ്രഫി ഫോൾഡറും മിസിങ് കേസ് രജിസ്റ്റർ ചെയ്ത കുടുംബങ്ങളുടെ വിവരങ്ങളും ഒത്തുനോക്കും. ദുരിതബാധിത പ്രദേശങ്ങളിൽ ഡ്രോൺ സർവേ നടത്തിയായിരിക്കും ഇനിയുള്ള തിരച്ചിൽ. മേഖലയുടെ പഴയകാല ചിത്രവുമായി ഡ്രോൺ ചിത്രം താരതമ്യം ചെയ്യും. 152 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. കണ്ടെത്തിയ ശരീരഭാഗങ്ങളുടെ എണ്ണം 147 ആണ്. 89 പേർ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. തിരിച്ചറിയാൻ സാധിക്കാത്ത മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. തിരിച്ചറിയാന്‍ സാധിക്കാത്ത 67 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവ സംസ്കരിക്കേണ്ട ഉത്തരവാദിത്തം പഞ്ചായത്തുകള്‍ക്കാണ്. ഈ മൃതദേഹങ്ങള്‍ സംസ്കരിക്കുമ്പോള്‍ സര്‍വമത പ്രാർഥന നടത്തുന്നതിന് പഞ്ചായത്തുകള്‍ക്ക് മുന്‍കൈയെടുക്കാം.