Crime

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; നടന്‍ ഒളിവില്‍; 55 ദിവസം കഴിഞ്ഞിട്ടും പിടികൂടാനാകാതെ പൊലീസ്

കോഴിക്കോട്: നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 55 ദിവസം പിന്നിട്ടിട്ടും പ്രതിയായ നടനെ പിടികൂടാതെ പൊലീസ്. കഴിഞ്ഞ ജൂൺ എട്ടിനാണു നഗരപരിധിയിലെ ഒരു വീട്ടിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് പോക്സോ കേസെടുത്തത്. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടും പ്രതി ഒളിവിലാണെന്നാണു പൊലീസ് ഭാഷ്യം.

കേസ് വഴിതിരിച്ചുവിടാൻ ശ്രമം നടക്കുന്നതായി ആരോപണമുണ്ട്. കുട്ടിയിൽനിന്നു പൊലീസ് മൊഴിയെടുത്തത് മൂന്നു തവണയാണ്. കേസുമായി ബന്ധമില്ലാത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലും ഉണ്ടായിരുന്നു.

കുട്ടിയുടെ മാതാവാണ് കസബ പൊലീസിൽ പരാതി നൽകിയത്. ഇതിനുപിന്നാലെയാണ് കേസെടുത്തത്. കുടുംബ പ്രശ്നങ്ങൾ മുതലെടുത്ത് കൂട്ടിക്കൽ ജയചന്ദ്രൻ മകളെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പരാതി ലഭിച്ചതിനുപിന്നാലെ പൊലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നിർദേശ പ്രകാരമാണ് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.

തുടര്‍ന്ന് ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) ഇടപെട്ടു. കുട്ടിയെ ഹാജരാക്കാനും സംഭവത്തിന്റെ റിപ്പോർട്ട് നൽകാനും അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. ഇതിനിടെ കുട്ടിയുടെ മൊഴി മാറ്റാനും ശ്രമമുണ്ടായി. അന്വേഷണ പരിധിയിലില്ലാത്ത അസിസ്റ്റന്റ് കമ്മിഷണർ കേസിൽ ഇടപെട്ടു കുട്ടിയെ ഹാജരാക്കാൻ ബന്ധുക്കളോട് ആവശ്യപ്പെട്ടു.

വിവാദമായതോടെ സിഡബ്ല്യുസി കുട്ടിയെ പിതാവിന്റെ വീട്ടുകാർക്കൊപ്പം വിട്ടു. കസബ ഇൻസ്പെക്ടർ സിഡബ്ല്യുസിക്കു നൽകിയ റിപ്പോർട്ടിൽ തിരുത്തുണ്ടായ സാഹചര്യത്തിൽ റിപ്പോർട്ട് മാറ്റി നൽകാൻ സിഡബ്ല്യുസി ആവശ്യപ്പെട്ടു. ഇക്കാര്യം ജുവനൈൽ ജസ്റ്റിസ് ബോർഡിനു റിപ്പോർട്ട് നൽകി.

ഇതിനിടെ പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി തള്ളി. പ്രതിയെ അറസ്റ്റ് ചെയ്യാൻ കസബ പൊലീസിനു കഴിയാത്ത സാഹചര്യത്തിൽ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഡപ്യൂട്ടി കമ്മിഷണറുടെയും അസിസ്റ്റന്റ് കമ്മിഷണറുടെയും നേതൃത്വത്തിലുള്ള 2 സ്ക്വാഡുകൾക്കാണ് ഇപ്പോൾ അന്വേഷണം. നടൻ വിദേശത്തേക്ക് കണ്ടന്നോ എന്നാണ് ഇപ്പോൾ പൊലീസ് അന്വേഷിക്കുന്നത്.

പ്രശസ്ത ടെലിവിഷന്‍ അവതാരകനും നടനുമാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍. ജഗതി V/S ജഗതി, കോമഡി ടൈം എന്നീ പരിപാടികളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് തിലകം എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.