ലോകത്തിൽ ജീവിച്ചിരുന്ന ഏറ്റവും ചെറിയ പെൻഗിനുകളിലൊന്ന്. 2.4 കോടി വർഷം മുൻപ് ന്യൂസീലൻഡിൽ ജീവിച്ചിരുന്ന പാകുഡൈപ്റ്റ്‌സ് എന്ന ചെറിയ പെൻഗ്വിനെക്കുറിച്ച് പഠനം നടത്തിയിരിക്കുകയാണ് ഗവേഷകർ. പെൻഗ്വിനുകൾക്ക് എങ്ങനെയാണ് ചിറകുകൾ ലഭിച്ചതെന്ന് അറിയാൻ ഈ പഠനം സഹായകമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. എൺപതുകളിലാണ് ഒരടിയോളം മാത്രം നീളമുള്ള ഈ പെൻഗ്വിനുകളുടെ ഫോസിലുകൾ ശാസ്ത്രജ്ഞർ കുഴിച്ചെടുത്തത്. ദശാബ്ദങ്ങളോളം ഈ പെൻഗ്വിനുകൾ ഒരു വലിയ അദ്ഭുതമായി നിലകൊണ്ടു. എന്നാൽ ഇപ്പോൾ ഈ പെൻഗ്വിൻ ഫോസിലിൽ കൂടുതൽ പഠനങ്ങൾ നടത്തിയ ശാസ്ത്രജ്ഞർ ഇതിന് ശാസ്ത്രീയനാമം നൽകിയിരിക്കുകയാണ്.
പാകുഡൈപ്റ്റ്‌സ് ഹകാറ്റമേര എന്നാണ് ഇതിന്റെ പേര്. മവോറി ഭാഷയിൽ പാകു എന്നാൽ ചെറുതെന്നും ഡൈപ്റ്റ്‌സ് എന്നാൽ ഡൈവർ എന്നുമാണ് അർഥം.പെൻഗ്വിനുകളുടെ പരിണാമവഴിയിലെ ഒരു നിർണായക കണ്ണിയാണ് ഈ പെൻഗ്വിനെന്ന് ഗവേഷകർ പറയുന്നു. ഇന്നത്തെ കാലത്തെ പെൻഗ്വിനുകളോട് സാമ്യമുള്ള തോളെല്ലുകളാണ് ഇവയ്ക്കുള്ളത്. പെൻഗ്വിനുകൾ ചിറകുകൾ കൈവരിച്ചതിന്റെ രഹസ്യങ്ങൾ ഈ പെൻഗ്വിനിൽ നടത്തുന്ന പഠനത്തിലൂടെ കൈവരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. മനുഷ്യർക്കറിയാവുന്ന ചെറുപെൻഗ്വിനുകളായ ലിറ്റിൽ ബ്ലൂ പെൻഗ്വിനുകളുടെയും വിൽസൻസ് ലിറ്റിൽ പെൻഗ്വിനുകളുടെയും അതേ വലുപ്പമാണ് പാകുഡൈപ്റ്റ്‌സിനും ഉള്ളത്.
ഇവയുടെ ഫോസിലുകൾ ന്യൂസീലൻഡിലെ സൗത്ത് കാന്‌റർബറിയിലുള്ള ഹാകടാറമിയ ക്വാറിയിൽ നിന്നാണ് 1987ൽ കണ്ടെത്തിയത്. ഇവ പിന്നീട് കംപ്യൂട്ടർ ടോമോഗ്രഫി സ്‌കാനുകൾക്ക് വിധേയമാക്കി ത്രിമാന രൂപങ്ങൾ സൃഷ്ടിച്ചു. ചരിത്രാതീത കാലത്തെ ഒലിഗോസിൻ കാലഘട്ടത്തിൽ നിന്ന് മയോസീൻ കാലഘട്ടത്തിലേക്ക് എത്തിയപ്പോഴേക്കും പെൻഗ്വിനുകൾ വലിയ തോതിൽ വികസിച്ചിരുന്നു. പാകുഡൈപ്റ്റ്‌സ് ഈ കാലത്ത് നിന്നുള്ള ഒരു പ്രധാനപ്പെട്ട ഫോസിലാണെന്ന് ഗവേഷകർ പറയുന്നു.