മേപ്പാടി: വയനാട് ഉരുൾ പൊട്ടലിൽ മരിച്ചവരിൽ തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ സംസ്കരിച്ചു. പുത്തുമലയിലെ ഹാരിസൺ മലയാളം ഭൂമിയിലാണ് സംസ്കാരം നടന്നത്. സർവമത പ്രാർത്ഥനകൾക്ക് ശേഷമാണ് മൃതദേഹങ്ങൾ സംസ്കരിച്ചത്. തിരിച്ചറിയാത്ത എട്ട് മൃതദേഹങ്ങളാണ് പുത്തുമലയിൽ സംസ്കരിച്ചത്.
ഇന്ന് രാത്രി 10.20 ന് ആയിരുന്നു സംസ്കാരം. ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രത്യേകം തയ്യാറാക്കിയ മാർഗ്ഗ നിർദേശ പ്രകാരമാണ് സംസ്കാരം നടന്നത്. വിവിധ മതാചാര പ്രകാരമുള്ള പ്രാർത്ഥനകൾക്കും ചടങ്ങുകൾക്കും ശേഷമാണ് സംസ്കരിച്ചത്. പത്തടിയോളം താഴ്ചയിലാണ് കുഴികൾ ഒരുക്കിയത്. പുത്തുമലയിൽ മുൻപ് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലത്താണ് കൂട്ട സംസ്കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. മന്ത്രിമാരായ എംബി രാജേഷ്, എകെ ശശീന്ദ്രൻ, കെ രാജൻ എന്നിവർ പുത്തുമലയിൽ എത്തിയിരുന്നു.
മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സ്ഥലം ഹാരിസൺ മലയാളത്തോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. 64 സെന്റ് സ്ഥലമാണ് അളന്നു തിട്ടപ്പെടുത്തിയത്. പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. ഡി.എൻ.എ സാമ്പിൾ, പല്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ എടുത്ത് വെക്കണമെന്ന് മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനായി പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ നിർദേശം നൽകിയിരുന്നു.
ചൂരൽ മല സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാ. ജിബിൻ വട്ടക്കളത്തിൽ, മേപ്പാടി മാരിയമ്മൻ കോവിൽ കർമി കുട്ടൻ, മേപ്പാടി ജുമാമസ്ജിദ് ഖതീബ് മുസ്തഫൽ ഫൈസി തുടങ്ങിയവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. മന്ത്രിമാരായ ഒ ആർ കേളു, കെ രാജൻ, എ കെ ശശീന്ദ്രൻ, എംബി രാജേഷ്, ടി സിദ്ധീഖ് എംഎൽഎ , ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ, ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ, സ്പെഷ്യൽ ഓഫീസർ സാംബശിവ റാവു, ജില്ലാ പൊലീസ് മേധാവി ടി നാരായണൻ, സബ് കളക്ടർ മിസാൽ സാഗർ ഭരത്, മതനേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.