ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നടിയായിരുന്നു സ്നേഹ. മലയാളത്തിൽ നിന്നായിരുന്നു നടിയുടെ തുടക്കം. പിന്നീട് തമിഴിലും തെലുങ്കിലും തിളങ്ങി. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും എല്ലാം നായികയായി മലയാളത്തിൽ ഹിറ്റ് സിനിമകളുടെ ഭാഗമാവാൻ സ്നേഹയ്ക്ക് ബാധിച്ചിട്ടുണ്ട്. ബോംബെയിൽ ഉള്ള ഒരു തെലുങ്ക് കുടുംബത്തിലാണ് നാൽപ്പത്തിരണ്ടുകാരിയായ സ്നേഹ ജനിച്ചത്. പിന്നീട് കുറേക്കാലം ദുബായിൽ ആയിരുന്നു. 2000ൽ ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാള ചിത്രത്തിൽ സഹനടി ആയായിരുന്നു അരങ്ങേറ്റം. യഥാർത്ഥ പേര് സുഹാസിനി രാജാറാം നായിഡു എന്നാണ്. അതേവർഷം തന്നെ സ്നേഹ തമിഴ് ചിത്രത്തിലും അഭിനയിച്ചു. മാധവനായിരുന്നു നായകൻ.
അതൊരു വലിയ കരിയർ ബ്രേക്കായിരുന്നു. തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമെല്ലാമായി തുടരെ തുടരെ ചിത്രങ്ങൾ ലഭിച്ചു. 2001ലും 2002ലും സ്നേഹയുടെ ആറിന് മുകളിൽ സിനിമകൾ റിലീസ് ചെയ്തു. ഇതിൽ പല ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ സ്നേഹയെ കുറിച്ച് സിനിമാ നിരൂപകനും എന്റർടെയ്ൻമെന്റ് ജേണലിസ്റ്റുമായ ചെയ്യാറു ബാലു വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.
താൽപര്യമില്ലാതെ ധനുഷിന്റെ നിർബന്ധം മൂലമാണ് സ്നേഹ പുതുപേട്ടൈ സിനിമയിൽ അഭിനയിച്ചതെന്നാണ് ചെയ്യാറു ബാലുവിന്റെ വെളിപ്പെടുത്തൽ. ഒരു രാത്രി സിനിമ കണ്ട് കഴിഞ്ഞ് വീട്ടിലെത്തുന്ന പ്ലസ്ടുക്കാരൻ കുമാർ കാണുന്നത് കൺമുമ്പിൽ അച്ഛനാൽ ക്രൂരമായി കൊലചെയ്യപ്പെട്ട് കിടക്കുന്ന അമ്മയുടെ മൃതശരീരമാണ്.
താനും അച്ഛനാൽ കൊല്ലപ്പെടുമെന്ന ഭയത്താൽ ആ രാത്രിയിൽ തന്നെ നാട് വിട്ടോടുന്ന അവൻ ചെന്നെത്തുന്നത് ഒരു ക്വട്ടേഷൻ സംഘത്തിലാണ്. കൊക്കി കുമാർ എന്ന ഗാംഗ്സ്റ്ററിലേക്കുള്ള യാത്ര അവിടെ തുടങ്ങുന്നു. സെൽവരാഘവൻ സംവിധാനം ചെയ്ത പുതുപേട്ടൈ എന്ന സിനിമയിലെ കൊക്കി കുമാർ എന്ന കഥാപാത്രം ധനുഷിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.
നിലനിന്നിരുന്ന കാഴ്‌ചാശീലങ്ങളെ മാറ്റാനുള്ള കരുത്തുമായാണ് കൊക്കികുമാർ എന്ന ഗാങ്സ്റ്റർ പിറന്നത്. ധനുഷ് എന്ന നടന്റെ സിനിമാ ജീവിതം അടയാളപ്പെടുത്തുന്ന കഥാപാത്രം. സാധാരണ ഈ ശ്രേണി സിനിമകളിൽ ഉണ്ടാകുന്ന ഹീറോ മേക്കിങിൽ തുടങ്ങി സെൽവരാഘവൻ എന്ന ക്രാഫ്‌റ്റ്‌സ്‌മാന്റെ മികവിന്റെ കാഴ്‌ചയാണ് പിന്നീട് സിനിമയിലുടനീളം.
ചിത്രത്തിൽ കൃഷ്ണവേണിയെന്ന വേശ്യസ്ത്രീയുടെ കഥാപാത്രമായിരുന്നു സ്നേഹയ്ക്ക്. എന്നാൽ കൃഷ്ണവേണിയായി അഭിനയിക്കാൻ താൽപര്യമില്ലാതെ സ്നേഹ കരഞ്ഞുവെന്ന് ചെയ്യാറു ബാലു പറയുന്നു.
കൃഷ്ണവേണിയെ സ്നേഹ നന്നായി തന്നെ അവതരിപ്പിച്ചു. പക്ഷെ ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ് ധനുഷിന് മുമ്പിൽ ഇരുന്ന് സ്നേഹ ഒരുപാട് കരഞ്ഞു. എന്നാൽ ധനുഷ് സ്നേഹയ്ക്ക് ആത്മവിശ്വാസം നൽകി. കരയരുത്. ഈ കഥാപാത്രം തീർച്ചയായും നിങ്ങൾക്ക് നല്ല പേര് നൽകുമെന്ന് ധനുഷ് ഉറപ്പ് നൽകിയതോടെയാണ് സ്നേഹ പുതുപ്പേട്ടയിലെ റോൾ ചെയ്തതെന്ന് ചെയ്യാറു ബാലു പറയുന്നു.
കമൽഹാസൻ, വിജയ്, സൂര്യ, സിമ്പു, ധനുഷ് എന്നിവരുൾപ്പെടെയുള്ള തമിഴിലെ മുൻനിര നടന്മാരുമായി ജോഡിയായി അഭിനയിച്ച സ്നേഹയെ ആരാധകർ സ്മൈലിങ് ക്വീൻ എന്നാണ് വിശേഷിപ്പിക്കാറുള്ളത്.
കെ.ആർ വിജയയ്ക്ക് ശേഷം ഈ വിശേഷണം ലഭിച്ച ഏക നടി സ്നേഹ മാത്രമാണ്. സൗന്ദര്യം മാത്രമല്ല തമിഴ് ഉച്ചാരണത്തിലെ കൃത്യതയും സ്നേഹയ്ക്ക് തമിഴ്നാട്ടിൽ ആരാധകരുണ്ടാകാൻ ഒരു കാരണമായിട്ടുണ്ട്. സിനിമയിലേത് പോലെ തന്നെ പരസ്യ ചിത്രങ്ങളിലും അക്കാലത്ത് സ്നേഹ അഭിനയിച്ചിരുന്നു. അതുകൊണ്ട് തന്നെ സീരിയലുകൾക്കിടയിലെ കൊമേഴ്സ്യൽ ഇടവേളകളിൽ ടിവിയിൽ പ്രത്യക്ഷപ്പെട്ട് കുടംബപ്രേക്ഷകർക്കും സ്നേഹ സുപരിചിതയായി.
നായികയായി തിളങ്ങി നിൽക്കുന്ന സമയത്താണ് സ്നേഹ നടൻ പ്രസന്നയുമായി പ്രണയത്തിലായത്. 2009ൽ പുറത്തിറങ്ങിയ അച്ചമുണ്ട് അച്ചമുണ്ട് എന്ന സിനിമയിൽ അഭിനയിച്ചപ്പോഴാണ് സ്നേഹ പ്രസന്നയുമായി പ്രണയത്തിലായത്. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് ആ പ്രണയം വിവാഹത്തിൽ കലാശിച്ചത്. 2012ൽ വിവാഹിതരായ ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്.
വിവാഹശേഷം സിനിമകൾ വളരെ വിരളമായി മാത്രമെ സ്നേഹ ചെയ്തിരുന്നുള്ളു. വിജയ് ചിത്രം ഗോട്ടാണ് സ്നേഹയുടെ അണിയറയിൽ ഒരുങ്ങുന്ന പുതിയ സിനിമ.
content highlight: dhanush-and-snehas-pudhupettai-movie-unknown-story