Wayanad

ഏഴാം നാള്‍ ഒന്നിച്ച് മടങ്ങി ; സര്‍വമത പ്രാര്‍ഥനയോടെ തിരിച്ചറിയാത്ത 31 മൃതദേഹങ്ങൾ സംസ്‌കരിച്ചു | wayanad-landslides-mass-burial-unclaimed-bodies

ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാത്ത 31 മൃതദേഹങ്ങളാണ് സംസ്‌കരിച്ചത്. പുത്തുമലയിലേക്ക് നടപടികള്‍ പൂര്‍ത്തിയാക്കി എത്തിച്ചപ്പോള്‍ നാടാകെ ഒന്നാകെ വിട നല്‍കാന്‍ എത്തി. വിവിധ മതങ്ങളുടെ പ്രാര്‍ഥനകള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു. മന്ത്രിമാരും ജനപ്രതിനിധികളും സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ദുരന്തനിവാരണ നിയമമനുസരിച്ച് ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ കണ്ടെത്തിയ 64 സെന്റ് സ്ഥലത്തായിരുന്നു സംസ്‌കാരം.

ഓരോ ശരീരഭാഗവും പ്രത്യേകം പെട്ടികളിലാക്കിയാക്കിയാണ് സംസ്‌കരിച്ചത്. സംസ്‌കരിച്ച ശരീരഭാഗങ്ങളുടെ ഡിഎന്‍എ നമ്പര്‍ പ്രത്യേകം പ്രദര്‍ശിപ്പിക്കും. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് മുന്‍പായി ഇന്‍ക്വസ്റ്റ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കിയിരുന്നു.

മൃതദേഹത്തിന്റെയും ശരീരത്തിലെ ആഭരണമുള്‍പ്പെടെയുള്ള വസ്തുക്കളുടെയും ഫോട്ടോ എടുത്ത് സൂക്ഷിച്ചു. ഡിഎന്‍എ സാംപിള്‍, പല്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയും ശേഖരിച്ചിട്ടുണ്ട്. ദുരന്തത്തില്‍ ഇതുവരെ 391 പേര്‍ മരിച്ചെന്നാണു കണക്ക്. 180പേരെ കാണാനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ജില്ലയില്‍ 77 ദുരിതാശ്വാസ ക്യാംപുകളിലായി 8246 പേരുണ്ട്.