പാരിസ്: ഒളിമ്പിക്സ് ബാഡ്മിന്‍റനിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന ലക്ഷ്യ സെന്നിന് മെഡലില്ലാതെ മടക്കം. പുരുഷ സിംഗ്ള്‍സ് വെങ്കല മെഡല്‍ പോരാട്ടത്തില്‍ മലേഷ്യയുടെ ലീ സീ ജിയക്കെതിരെയാണ് ലക്ഷ്യ തോൽവി വഴങ്ങിയത്. ആദ്യ ഗെയിം ആധികാരികമായി സ്വന്തമാക്കിയ ശേഷമാണ് കളി കൈവിട്ടത്. സ്‌കോര്‍: 21-13, 16-21, 11-21. എങ്കിലും ഒളിംപിക്‌സ് ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ പുരുഷ ബാഡ‌്‌മിന്‍റണ്‍ താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് ലക്ഷ്യയുടെ മടക്കം.
ലീ സീ ജായ്ക്കെതിരെ 8-4, 11-5 എന്നിങ്ങനെ തുടക്കത്തിലെ ലീഡുമായാണ് ലക്ഷ്യ സെന്‍ പോരാട്ടം തുടങ്ങിയത്. 21-13ന് അനായാസം ലക്ഷ്യ ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ തുടര്‍ച്ചയായി എട്ട് പോയിന്‍റുകളുമായി ലീ സീ ജാ ശക്തമായ വെല്ലുവിളി ഉയര്‍ത്തി. ഒടുവില്‍ ഗെയിം 16-21ന് ലീ സീ ജാ പിടിച്ചെടുത്തു. മൂന്നാം ഗെയിമിലേക്ക് എത്തിയപ്പോള്‍ പരിക്ക് ലക്ഷ്യ സെന്നിന് തിരിച്ചടിയായി. മൂന്നാം ഗെയിമില്‍ ലക്ഷ്യ സെന്‍ 11 പോയിന്‍റില്‍ ഒതുങ്ങിയപ്പോള്‍ അനായാസം ജയിച്ച് മലേഷ്യയുടെ ലീ സീ ജാ പുരുഷ സിംഗിള്‍സ് ബാഡ്‌മിന്‍റണ്‍ വെങ്കലം അണിയുകയായിരുന്നു.
ഞായറാഴ്ച സെമി ഫൈനൽ പോരാട്ടത്തിലും സമാന രീതിയിൽ ലക്ഷ്യ പരാജയമേറ്റുവാങ്ങി. ലോക രണ്ടാംനമ്പര്‍ താരം ഡെന്‍മാര്‍ക്കിന്‍റെ വിക്ടര്‍ അക്സല്‍സനോട് തുടക്കത്തില്‍ ലീഡെടുത്ത ശേഷം മത്സരം കൈവിടുകയായിരുന്നു. അരങ്ങേറ്റ ഒളിമ്പിക്‌സില്‍തന്നെ പുരുഷ ബാഡ്മിന്‍റൻ സിംഗ്ൾസിൽ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവുമായാണ് ലക്ഷ്യ മടങ്ങുന്നത്.