പാരിസ്: പാരിസ് ഒളിംപിക്‌സിലെ വനിതാ ഗുസ്‍തിയുടെ 68 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യയുടെ നിഷ ദഹിയക്ക് കണ്ണീരോടെ മടക്കം. ക്വാര്‍ട്ടറില്‍ ഉത്തര കൊറിയയുടെ സോള്‍ ഗം പാകിനെതിരെ 8-2ന് മുന്നിട്ടുനിന്ന ശേഷം കൈവിരലിനും തോളെല്ലിനും പരിക്കേറ്റതിനും തുടര്‍ന്ന് ഇന്ത്യന്‍ താരം 8-10ന് മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
8-2ന്‍റെ ലീഡുമായി ഇന്ത്യക്ക് വലിയ പ്രതീക്ഷ സമ്മാനിച്ച നിഷ ദഹിയ, കൈവിരലിന് പരിക്കേറ്റതോടെ മത്സരം നിര്‍ത്തിവച്ചു. മെഡിക്കല്‍ സഹായം തേടിയ ശേഷം ദഹിയ മത്സരം പുനരാരംഭിച്ചെങ്കിലും സെക്കന്‍ഡുകള്‍ക്കുള്ളില്‍ തോളിന് വേദനയുള്ളതായി പരാതിപ്പെട്ട് താരം ഫിസിയോയുടെ സഹായം തേടി. മത്സരത്തിന്റെ പകുതിയിലേറെ സമയം വേദനകൊണ്ട് പുളഞ്ഞ നിഷ വേദനയകറ്റാന്‍ സ്‌പ്രേ ഉപയോഗിച്ചിട്ടും കാര്യമുണ്ടായില്ല.
മൂന്നുവട്ടം മെഡിക്കല്‍ ടൈം ഔട്ട് എടുത്ത താരം പിന്നീട് നിറകണ്ണുകളോടെയാണ് മത്സരം പൂര്‍ത്തിയാക്കിയത്. ഈ അവസരം മുതലെടുത്ത് ഉത്തരകൊറിയന്‍ താരം ആധിപത്യം നേടുകയായിരുന്നു.
ഇന്നുതന്നെ നടന്ന പ്രീ ക്വാര്‍ട്ടറില്‍ യുക്രൈന്‍ താരം ടെറ്റിയാന റിഷ്‌കോയ്‌ക്കെതിരെ 6-4ന്‍റെ ജയവുമായാണ് നിഷ ദഹിയ ക്വാര്‍ട്ടറിലെത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ ഒരുവേള 1-4 എന്ന നിലയില്‍ പിന്നിലായിരുന്ന ദഹിയ 6-4ന് അവിശ്വസനീയമായി തിരിച്ചെത്തി അടുത്ത റൗണ്ടിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. 65 കിലോ വിഭാഗത്തില്‍ യൂറോപ്യന്‍ മുന്‍ ചാമ്പ്യയാണ് ടെറ്റിയാന.
അതേസമയം പാക് സോള്‍ ഗും ഫൈനലിലെത്തിയാല്‍ റെപ്പാഷെ റൗണ്ട് വഴി ഇന്ത്യന്‍ താരത്തിന് വെങ്കല മെഡല്‍ മത്സരത്തിന് യോഗ്യത നേടാന്‍ സാധിക്കും.