മൂന്നാര്‍, ഭൂമിയിലെ സ്വര്‍ഗമാണ്. പന്ത്രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞികളും, വരയാടും, തേയിലത്തോട്ടങ്ങളും, കോടമഞ്ഞുമൊക്കെയുള്ള സ്വര്‍ഗ സമാനഭൂമി. ഇവിടെ നാല് വര്‍ഷം മുമ്പ് ഒരു നരകതുല്യമായ ദുരന്തമുണ്ടായി. അന്ന് ആ സ്വര്‍ഗസമാന ഭൂമിയില്‍ നിന്നും തുടയ്ച്ചു നീക്കപ്പെട്ടത് 70 ജീവനുകളാണ്. പ്രകൃതിയുടെ രാക്ഷസ ഭാവം അന്നുവരെ ആ കോടമഞ്ഞിറങ്ങും മൂന്നാര്‍ കണ്ടിരുന്നില്ല. അത്ര ഭീകരമായിരുന്നു പെട്ടിമുടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ വ്യാപ്തി. ഇതിനു മുമ്പും ഇതിനു ശേഷവും കേരളത്തില്‍ ചെറുതും വലുതുമായ ഉരുള്‍പൊട്ടല്‍ ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്.
എന്നാല്‍, ദുരന്തത്തിന്റെ ഒരു ലാഞ്ചന പോലുമില്ലാത്ത പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയത് ഞെട്ടിച്ചു കളഞ്ഞു. 2020 ഓഗസ്റ്റ് 6ന് മൂന്നാറിന്റെ മണ്ണില്‍ നിന്നു കേട്ട ദുരന്ത വാര്‍ത്തയുടെ തുടര്‍ച്ചയെന്നോണം വയനാട് മുണ്ടക്കൈയിലും ഇപ്പോള്‍ കേള്‍ക്കുന്നു. അതിലും ഭീകരമായി. അതിലും തീവ്രതയില്‍. അതിലേറെ മരണങ്ങളുമായി. പെട്ടിമുടി ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ഒരു പ്രേത ഇടമായി മാറിയിക്കഴിഞ്ഞു. ചോരയും കണ്ണീരും കുഴഞ്ഞ മണ്ണും മനസ്സുമുള്ള നാട്. ദുരന്തത്തിനു മുമ്പു വരെ പെട്ടിമുടി എന്നത്, ശാന്തസുന്ദരമായ ഇടമായിരുന്നു. തേയിലതോട്ടവും, അവിടെ ജോലി ചെയ്യുന്ന സാധാരണക്കാരായ തൊഴിലാളികള്‍ താമസിക്കുന്ന ഗ്രാമം.
ദുരന്തമുണ്ടാകുന്നതിനു രണ്ടു ദിവസം മുമ്പ് തൊട്ടു പെയ്ത നിര്‍ത്താതെയുള്ള മഴ, കോടമഞ്ഞിന്റെ ശക്തമായ സാന്നിധ്യം, മൂടിക്കെട്ടിയ ആകാശം, വെള്ളം നിറഞ്ഞ വഴികള്‍ അങ്ങനെ നനഞ്ഞു കുതിര്‍ന്ന പെട്ടിമുടി അതിസുന്ദരിയായിരുന്നു. അന്നുരാത്രി മലയുടെ മുകളില്‍ ഒളിപ്പിച്ചു വെച്ചിരുന്ന ദുരന്തം കലിതുള്ളി പെയ്തിറങ്ങിയതോടെ പെട്ടിമുടിയുടെ കോലംമാറി. നിമിഷനേരം മതിയായിരുന്നു ആ ചെറിയ ഗ്രാമം ശവപ്പറമ്പായി മാറാന്‍. അന്നുവരെ കേരളം കണ്ടതില്‍ ഏറ്റവുംവലിയ ഉരുള്‍പൊട്ടല്‍ ദുരന്തമായി മാറുകയായിരുന്നു പിന്നീട് പെട്ടിമുടി. നാല് തോട്ടംതൊഴിലാളി ലയങ്ങളില്‍ ഉണ്ടായിരുന്ന 70 ജീവനുകളാണ് ഉരുളിന്റെ ഇരുളില്‍ ശ്വാസംമുട്ടിയും നെഞ്ചുതകര്ന്നുമൊക്കെ മരിച്ചത്.
തേയിലക്കാടുകളെ ഞെരിച്ചു തകര്‍ത്ത് കുതിച്ചൊഴുകിയ ഉരുള്‍പൊട്ടല്‍ പടര്‍ത്തിയ മരണമൂകതയ്ക്ക് ഇന്ന് നാല് വര്‍ഷം തികയുന്നു. ഇന്നും ആ മണ്ണില്‍ കണ്ടെുക്കാന്‍ കഴിയാത്ത നാല് മൃതദേഹങ്ങള്‍ വിശ്രമിക്കുകയാണ്. എവിടെയെന്നറിയാതെ. കണ്ണന്‍ദേവന്‍ കമ്പനിയുടെ രാജമല എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനാണ് ഇവിടം. നിരവധി തോട്ടം തൊഴിലാളികള്‍ കുടുംബസമേതമാണ് ഇവിടെ താമസിച്ചിരുന്നത്. മൂന്നാറില്‍ നിന്ന് 30 കിലോമീറ്ററോളം മുകളില്‍ സ്ഥിതി ചെയ്യുന്ന ചെറിയൊരു ഗ്രാമം. ചുറ്റിനും കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങള്‍ മാത്രം.
കുന്നുകയറി വരുന്ന വാഹനങ്ങള്‍ എപ്പോഴും കണ്ണില്‍പ്പെടും. പട്ടപ്പിനിടയിലൂടെയുള്ള ടാറിട്ട റോഡും, തോട്ടങ്ങളുടെ ഇടയില്‍ അവിടവിടെയായി ഉയര്‍ന്നു നില്ക്കുന്ന മരങ്ങളും ജലച്ഛായ ചിത്രങ്ങള്‍ പോലെ തോന്നിക്കും. ആ ഗ്രാമത്തില്‍ ഗ്രാമവാസികള്‍ക്ക് അത്യാവശ്യം വേണ്ടുന്ന കടകളുമുണ്ട്. ആരാധനാലങ്ങളും, സ്കൂളുമുണ്ട്. പിന്നെ തൊഴിലളികളുടെ നാല് ലയങ്ങളും. ഈ ലയങ്ങളാണ് ഉരുള്‍പൊട്ടലില്‍ തകര്‍ന്നു തരിപ്പണമായത്. 22 കുടുംബങ്ങളിലെ 82 പേര് അതിലുണ്ടായിരുന്നു. 12 പേരെ സമീപത്തെ ലയങ്ങളിലുണ്ടായിരുന്നവര് രക്ഷിച്ചു. രാത്രി 11ന് നടന്ന ദുരന്തം പുറംലോകത്തെ അറിയിക്കാന്‍ പാതിരാത്രിയില്‍ ഒരു മാര്‍ഗവുമില്ലായിരുന്നു.
വൈദ്യുതിയും മൊബൈല്‍ നെറ്റ്വര്‍ക്ക് കണക്ഷനുമെല്ലാം തടസ്സപ്പെട്ടു. വന്മരങ്ങള് വീണും മണ്ണിടിഞ്ഞും റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. മണ്ണിനടിയില്‍ കുടുങ്ങിയ 4 പേരുടെ മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നത് ഇന്നും വലിയ ദുഖമാണ്. ഇരവികുളം ദേശീയോദ്യാനത്തിന്റെ അതിര്‍ത്തിയില്‍ നിന്നു വന്‍ ശബ്ദത്തോടെ പൊട്ടിയെത്തിയ ഉരുള്‍ രണ്ട് കിലോമീറ്റര്‍ താഴെയുള്ള തൊഴിലാളി ലയങ്ങളെ തകര്‍ത്തെറിഞ്ഞാണ് പെട്ടിമുടി പുഴയിലേക്കു പതിച്ചത്. ഉറക്കത്തിലായിരുന്നതിനാല്‍ ആളുകളില്‍ ഭൂരിപക്ഷത്തിനും രക്ഷപ്പെടാനായില്ല. റോഡിലെ പാലം ഒലിച്ചു പോയതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് വേഗത്തില്‍ എത്താനും കഴിഞ്ഞില്ല.
പ്രദേശത്ത് പത്തടി ഉയരത്തില്‍ വരെ മണ്ണു മൂടി. പലയിടത്തും വലിയ പാറകള്‍ വന്നടിഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയും കേരള അഗ്നി രക്ഷാ സേന അമ്പതംഗ ടീമും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ആകാശമാര്‍ഗം രക്ഷാദൗത്യം നടത്താനുള്ള സാധ്യതയും തേടിയിരുന്നുവെങ്കിലും മോശം കാലാവസ്ഥ കാരണം ശ്രമം നടന്നില്ല. ആദ്യ ദിനം 26 മൃതദേഹങ്ങള്‍ കണ്ടെടുത്തപ്പോള്‍ തിരച്ചില്‍ നിര്‍ത്തി. രണ്ടാം ദിവസം 16 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. കണ്ടെത്തിയവരുടെ മൃതദേഹങ്ങള്‍ കൂട്ടസംസ്ക്കാരം നടത്തി. മണ്ണിനടിയില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ തുടരുന്നു. തിരച്ചിലിന് പരിശീലനം ലഭിച്ച നായകളെയും ഉപയോഗപ്പെടുത്തിയിരുന്നു.
ബെല്‍ജിയം മെലിനോയിസ് വിഭാഗത്തില്‍പ്പെട്ട പത്ത് മാസം പ്രായമുളള ലില്ലിയെന്ന പോലിസ് നായയാണ് മണ്ണിനടിയില്‍ നിന്ന് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്നാം ദിവസം ആറ് മൃതദേഹങ്ങള്‍ കൂടി ലഭിച്ചു. അപകടം നടന്ന സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ മാറി പുഴയില്‍ നിന്നും വനമേഖലയില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ദുരന്തമുണ്ടായി വര്‍ഷം നാലുകഴിഞ്ഞെങ്കിലും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ഇപ്പോഴും ലഭിച്ചിട്ടില്ല എന്നത് അതിലും വലിയ ദുരന്തമാണ്. കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപയും, തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നുലക്ഷവും ദുരന്ത ബാധിതര്‍ക്കു നല്‍കിയിട്ടുണ്ട്.
എന്നാല്‍, പ്രഖ്യാപിച്ച രണ്ടുലക്ഷം രൂപ നല്കാന് കേന്ദ്രം ഇതുവരെ തയ്യാറാകാത്തത് നീതി നിഷേധമായേ കാണാനാകൂ. പുഴയിലൂടെ ഒഴുകിപ്പോയ മൃതദേഹം 14 കിലോമീറ്റര്‍ ദൂരെ എട്ടടിയിലധികം ഉയരമുള്ള മരത്തില്‍ നിന്ന് വരെ കണ്ടെത്തി. 18 ദിവസം നീണ്ട തെരച്ചിലില്‍ ആകെ 66 മൃദേഹങ്ങള്‍ കണ്ടെടുത്തു. മരിച്ചവരില്‍ ഒരു ഗര്‍ഭിണിയും 18 കുട്ടികളും ഉള്‍പ്പെടും. 22 കുടുംബങ്ങളില്‍ 14 കുടുംബങ്ങള്‍ പൂര്‍ണമായും ഇല്ലാതായി. മൃതദേഹങ്ങള്‍ രാജമല എസ്റ്റേറ്റില്‍ തന്നെ വലിയ കുഴിയെടുത്ത് ഒരുമിച്ചാണ് സംസ്കരിച്ചത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട എട്ട് കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കുറ്റിയാര്‍വാലിയില്‍ പുതിയ വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയിരുന്നു.
എന്നാല്‍, ഇവിടെ താമസിക്കാന്‍ ദുരന്ത ബാധിത കുടുംബങ്ങള്‍ തയ്യാറായിട്ടില്ലെന്നാണ് സൂചന. ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ട പന്ത്രണ്ടുപേരും ആ ആഘാതത്തില്‍ നിന്ന് ഇനിയും മുക്തരായിട്ടില്ല. ഉറ്റവരെയും ഉടയവരെയും ആയുഷ്ക്കാല സമ്പാദ്യവും നഷ്ടപ്പെട്ടവര്‍. രക്ഷപ്പെട്ടവരില്‍ മുരുകേശന് മാത്രമാണ് ഇപ്പോഴും പെട്ടിമുടിയിലുള്ളത്. ഇദ്ദേഹത്തിന്റെ ഭാര്യ മുരുകേശ്വരിയും മകന് ഗണേശനും രക്ഷപ്പെട്ടിരുന്നു. ചെളിയില്‍ പുതഞ്ഞുപോയ മൂവരും അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. വലിയ കല്ലുകളും മറ്റും ദേഹത്തുവീണ് മൂവര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഒരുമാസം ആശുപത്രിയില്‍ കഴിയേണ്ടിവന്നു. ഇപ്പോഴും ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ട്. നട്ടെല്ലിന് പരിക്കേറ്റതിനാല്‍ ആയാസമുള്ള ജോലികളൊന്നും ചെയ്യാന്‍ കഴിയില്ല.
content highlights;The Four Years of memmories: The petti mudi That Turned Heaven On Earth To Hell