കൊച്ചി 06-08-2024: ഇന്ത്യൻ നാഷണൽ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ലിവറിന്റെ മുപ്പത്തിരണ്ടാം വാർഷിക ശാസ്ത്രസമ്മേളനത്തിന് കൊച്ചിയിൽ ഇന്ന് തുടക്കം. “കരൾരോഗശാസ്ത്രത്തിന്റെ ഭാവി രൂപപ്പെടുത്തുന്നു” എന്ന പ്രമേയത്തിൽ 10 വരെ ലെ മെരിഡിയനിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദേശീയ അന്തർദേശീയതലത്തിൽ നിന്നുള്ള വിദഗ്ദരായ ഇരുന്നൂറോളം പാനൽ അംഗങ്ങളും 1500ലധികം കരൾരോഗ ചികിത്സയിലെ പ്രതിനിധികളും, 420 ഓളം പ്രബന്ധാവതരണങ്ങളും ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ആദ്യമായി ഐ.എൻ.എ.എസ്.എലിന് വേദിയാകുന്നതിലൂടെ കേരളത്തിലെ കരൾരോഗചികിത്സാ രംഗത്തും വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. സമ്മേളനത്തോടനുബന്ധിച്ച് കരൾ രോഗങ്ങൾ പ്രതിരോധിക്കുന്നതിനുള്ള ഒരു സാമൂഹികപദ്ധതിയെന്ന നിലയിൽ “വെൽകോൺ” എന്ന പ്രത്യേക കൺവെൻഷനും പൊതുജനങ്ങൾക്കായി സൗജന്യമായി നടക്കുന്നുണ്ട്.
പ്രവചിക്കാവുന്നതും പ്രതിരോധിക്കാവുന്നതുമായ കരൾ രോഗങ്ങൾ, കരൾ മാറ്റിവെയ്ക്കൽ, മദ്യപാനവുമായി ബന്ധപ്പെട്ട കരൾ രോഗങ്ങൾ, വൈറൽ ഹെപ്പറ്റൈറ്റിസ്, കരൾ രോഗങ്ങൾ കാരണം ദഹനപ്രക്രിയയിലുണ്ടാകുന്ന തകരാറുകൾ, വൃക്കകൾക്കുണ്ടാകുന്ന ഗുരുതര പ്രശ്നങ്ങൾ, വൃക്കകളുടെ പ്രവർത്തനം നിലയ്ക്കുന്ന സാഹചര്യം, ഓട്ടോഇമ്മ്യൂൺ കരൾ രോഗങ്ങൾ എന്നിങ്ങനെ സുപ്രധാനമായ നിരവധി വിഷയങ്ങൾ സമ്മേളനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കരൾരരോഗ ചികിത്സയിലെ ഓരോ രോഗസാഹചര്യങ്ങളും പ്രത്യേകം പരിശോധിച്ചുള്ള ചർച്ചകളും ചികിത്സയിലെ അത്യാധുനിക കണ്ടുപിടുത്തങ്ങളും പ്രധാന വിഷയമാണ്.
ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോഎന്ററോളജിയുടെ കേരള ചാപ്റ്റർ, കൊച്ചിൻ ഗട്ട് ക്ലബ്, കൊച്ചിൻ ലിവർ ക്ലബ്, കൊച്ചി ലിവർ ട്രാൻസ്പ്ലാന്റേഷൻ സൊസൈറ്റി എന്നിവർ സംയുക്തമായാണ് ഐ.എൻ.എ.എസ്.എൽ 2024 സംഘടിപ്പിക്കുന്നത്.