സമുദ്രത്തിന്റെ മധ്യത്തിലായി ഒരു മരുഭൂമി. അങ്ങനെ ഒരു അത്ഭുതത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ… തെക്കന്‍ പസിഫിക്കിലായാണ് ഏതൊരു വന്‍കരയിലുള്ള വ്യക്തിക്കും എത്തിച്ചേരാന്‍ കഴിയാത്തത്ര ദൂരത്തില്‍ സമുദ്രത്തിന്‍റെ മധ്യഭാഗത്തായി ഒരു മരുഭൂമി സ്ഥിതി ചെയ്യുന്നത്. ഈ മേഖലയെ മരുഭൂമി എന്നു വിളിയ്ക്കാനുള്ള കാരണവും ആര്‍ക്കും എത്തിച്ചാരാന്‍ കഴിയാത്ത പ്രദേശം എന്ന അർഥത്തിലാണ്. സൗത്ത് പസിഫിക് ഗയര്‍ എന്നറിയപ്പെടുന്ന ഈ മേഖലയ്ക്ക് ഇനിയും നിരവധി പേരുകളുണ്ട്. സമുദ്രത്തിലെ ധ്രുവമേഖല, പറക്കും തളികകളുടെ ഗാരേജ് തുടങ്ങിയ പേരുകളും ഈ മേഖലയ്ക്കുണ്ട്. ഈ പേരുകളെല്ലാം പരിശോധിച്ചാലറിയാം ഒറ്റപ്പെട്ടതും എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ളതുമായ പ്രദേശങ്ങളെ ഓര്‍മ്മിപ്പിക്കുന്ന പേരുകളാണിവ. ഒരു പക്ഷേ ഭൂമിയില്‍ ഏതൊരു മനുഷ്യനും എത്തിച്ചേരാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള മേഖലയാണ് ഈ പസിഫിക് മേഖലയെന്നു പറയാം.
സ്പേസ്ക്രാഫ്റ്റ് സെമിത്തേരി എന്ന ഒരു വിളിപ്പേര് കൂടി ഈ പ്രദേശത്തിനുണ്ട്. ഇതിന് കാരണം അമേരിക്കയുടെ പരീക്ഷണ വിജയം കണ്ടതും അല്ലാത്തതുമായ എല്ലാ മിസൈലുകളും ശൂന്യാകാശ വാഹനങ്ങളും ഒടുവില്‍ യാത്ര അവസാനിപ്പിക്കുന്നത് ഭൂമിയിലെ ഈ പ്രദേശത്താണ്. ചുറ്റുമുള്ള വന്‍കരകളില്‍ നിന്നെല്ലാം ഏറെയകന്നു സ്ഥിതി ചെയ്യുന്നതിനാല്‍ ഈ സമുദ്രമേഖലയെക്കുറിച്ച് അധികം പഠനങ്ങളും നടന്നിട്ടില്ല. ഭൂമിയിലെ ആകെ സമുദ്രമേഖലയുടെ ഏതാണ്ട് 10 ശതമാനം വരും പസഫിക് ഗയര്‍. പക്ഷെ കാര്യമായ പഠനങ്ങള്‍ നടക്കാത്തതിനാല്‍ തന്നെ ഈ മേഖലയിലെ ജൈവവൈവിധ്യത്തെക്കുറിച്ച് വലിയ ധാരണയൊന്നും ശാസ്ത്രലോകത്തിനില്ല. ഭൂമിയിലെ ഏറ്റവും വലിയ അഞ്ച് സമുദ്രപ്രവാഹങ്ങളില്‍ ഒന്നു പേലും കടന്നു പോകാത്ത ഏക സമുദ്ര മേഖലയും ഇതാണ്. അക്കാരണം കൊണ്ട് തന്നെ മറ്റ് സമുദ്രമേഖലകളില്‍ നിന്നുള്ള ധാതുക്കളും മറ്റ് ജൈവീക അംശങ്ങളും ഈ സമുദ്രമേഖലയിലേക്ക് കാര്യമായി എത്തുന്നില്ല. അതിനാല്‍ ഒരു പക്ഷേ ഈ മേഖലയിലെ ജൈവവ്യവസ്ഥയ്ക്ക് തനതായ അംശങ്ങള്‍ ഉണ്ടാകാമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
ഈ മേഖല ഒറ്റപ്പെട്ടതാണെന്നത് മാത്രമല്ല ഇവിടുത്ത ജൈവവൈവിധ്യത്തെക്കുറിച്ച് പഠിക്കുന്നത് ബുദ്ധിമുട്ടേറിയ ഒന്നാക്കി മാറ്റുന്നത്. മറിച്ച് ഈ പ്രദേശത്തിന്‍റെ വിസ്തൃതി കൂടിയാണ്. ഏതാണ്ട് 37 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ് ഈ പ്രദേശത്തിന്‍റെ വിസ്തീര്‍ണം. ഇത്രയും വിസ്തൃതമായ ഒരു പ്രദേശത്തെക്കുറിച്ച് ആയിരക്കണക്കിന് കിലോമീറ്റര്‍ കപ്പലില്‍ യാത്ര ചെയ്തെത്തി പഠിക്കുക എന്നത് ഇപ്പോള്‍ പോലും ഏറെ സാങ്കേതിക പരിമിതികളുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ ഈ വ്യത്യസ്തതകളുള്ള സമുദ്രമേഖലയെക്കുറിച്ച് വിശദമായ പഠനത്തിന് ഗവേഷകര്‍ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. 2015 ല്‍ ഒരു ജര്‍മന്‍ കപ്പലാണ് ഈ മേഖലയിലേക്ക് ഗവേഷക ആവശ്യത്തിനായി ഒടുവില്‍ സഞ്ചരിച്ചത്. ഏതാണ്ട് ആറാഴ്ച നീണ്ടു നിന്നു ഈ മേഖലയിലെ പഠനം. നിര്‍ണായക ചില കണ്ടെത്തലുകളും ഈ പഠനത്തില്‍ ഉണ്ടായെന്നാണ് ജര്‍മന്‍ ഗവേഷക സംഘം അവകാശപ്പെടുന്നത്. ഇതിലൊന്ന് ഈ സമുദ്രമേഖലയിലെ ഒരു പറ്റം സൂക്ഷ്മജീവികളെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണ്. മാക്സ് പ്ലാങ്ക് സര്‍വലാശാലയില്‍ നിന്നുള്ള ഗവേഷക സംഘമായിരുന്നു ഈ കപ്പലില്‍ ഉണ്ടായിരുന്നത്. ചിലിയില്‍ നിന്നാരംഭിച്ച ഇവരുടെ യാത്ര അവസാനിച്ചത് ന്യൂസീലൻഡിലാണ്.
ഈ യാത്രയ്ക്കിടെ 5 കിലോമീറ്റര്‍ ആഴത്തില്‍ നിന്നുള്ള സാംപിളുകള്‍ വരെ എഫ്എസ് സോണെയിലെ ഗവേഷക സംഘം ശേഖരിക്കുകയുണ്ടായി. ഈ സാംപിളുകളിലൂടെയാണ് പസിഫിക് ഗയര്‍ മേഖലയിലെ അതിസൂക്ഷ്മ ജീവികള്‍ക്കുള്ള പ്രത്യേകതകള്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞത്. അറ്റ്ലാന്‍റിക്കിലും മറ്റും കാണപ്പെടുന്ന സമാനമായ സൂക്ഷ്മജീവികളേക്കാള്‍ മൂന്ന് സെല്ലുകള്‍ കുറവാണ് പസഫിക് ഗയര്‍ മേഖലയിലുള്ള ഏതാനും ജീവികള്‍ക്കെന്നതാണ് ഈ നിരീക്ഷണങ്ങളിലൊന്ന്. ഇത് പ്രാഥമിക നിരീക്ഷണം മാത്രമാണ്. ഇക്കാര്യത്തിലും വിശദമായ പഠനങ്ങള്‍ നടന്നു വരുന്നതേ ഉള്ളൂ. പക്ഷേ ഈ കണ്ടെത്തല്‍ തന്നെ ആവേശം നല്‍കുന്നതാണെന്ന് പഠനത്തിന് നേതൃത്വം നല്‍കുന്നവരില്‍ ഒരാളായ ഡോ.കിംബാര്‍ഡ് ബാസ്റ്റണ്‍ പറയുന്നു. ഒരു പക്ഷേ സമാനമായ മാറ്റങ്ങള്‍ കൂടുതല്‍ വലുപ്പമുള്ള ബഹുകോശ ജീവികളിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കിംബാര്‍ഡ് ചൂണ്ടിക്കാട്ടുന്നു. അങ്ങനെയെങ്കില്‍ മറ്റ് സമുദ്ര മേഖലയില്‍ കാണപ്പെടുന്ന പല ജീവികളുടെയും കൂടുതല്‍ ഇനങ്ങളെ കണ്ടാത്താനാകുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു. എന്നാൽ ഇതിനായി ഇനിയും വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങളും നിരവധി സന്ദര്‍ശനങ്ങളും വേണ്ടി വരുമെന്നുമാത്രം.