എല്ലാവർക്കും വളരെ പ്രിയപ്പെട്ട ഒരു പലഹാരമാണ് ചക്ക വറുത്തത്. ചക്കയുടെ സീസൺ ആയി കഴിഞ്ഞാൽ എല്ലാ വീടുകളിലും എപ്പോഴും ഉണ്ടാവാറുള്ള ഒന്നാണ് ചക്ക വറുത്തത്. എന്നാൽ ഇത് മാസങ്ങളോളം ക്രിസ്പി ആയിരിക്കാൻ എന്ത് ചെയ്യണം എന്ന് പലർക്കും അറിയില്ല. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് മാസങ്ങളോളം ക്രിസ്പിയായി ചക്ക വറുത്തത് സൂക്ഷിക്കാൻ സാധിക്കും. ഒരു പ്രത്യേക രീതിയിലാണ് ചക്ക വറുക്കേണ്ടത്.
ആവശ്യമുള്ള വസ്തുക്കൾ
- ചക്ക
- വെളിച്ചെണ്ണ
- മഞ്ഞൾ വെള്ളത്തിൽ കലക്കിയത്
- ഉപ്പ് വെള്ളത്തിൽ കലക്കിയത്
- കറിവേപ്പില
തയ്യാറാക്കുന്ന വിധം
ആദ്യമായി ചക്കയിൽ നിന്ന് ചുളയെ തിരഞ്ഞെടുത് അതിലെ ചവിണിയെല്ലാം കളഞ്ഞതിനു ശേഷം രണ്ട് അറ്റങ്ങളിലും ചെറുതായി മുറിച്ചു കൊടുക്കുക. ചക്കചുള നെടുകെ കീറി മുറിക്കുക ശേഷം കുരു കളഞ്ഞ് കനം കുറച്ച് അരിഞ്ഞെടുക്കുക. ശേഷം അടുപ്പിൽ ഒരു ഉരുളി വെച്ചതിനു ശേഷം അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. ഈ ചക്ക വറുത്തത് അടുപ്പിൽ ഉരുളിയിൽ വച്ച് വറുത്തെടുക്കുമ്പോൾ രുചി കുറച്ചു കൂടി വർദ്ധിക്കും. വെളിച്ചെണ്ണയിൽ തന്നെ വറുത്തെടുക്കുകയാണെങ്കിൽ കുറെ നാൾ സൂക്ഷിച്ചുവയ്ക്കാനും സാധിക്കും..ഒരു വർഷത്തോളം ഇത് സൂക്ഷിച്ചുവയ്ക്കാൻ സാധിക്കും. വെളിച്ചെണ്ണ നന്നായി ചൂടായി വരുമ്പോൾ വേണം അരിഞ്ഞുവെച്ച ചക്ക കഷണങ്ങൾ ചേർത്തു കൊടുക്കാൻ. നന്നായി ഇളക്കി കൊടുത്തശേഷം ഇതിലേക്ക് ആവശ്യത്തിന് കറിവേപ്പില ചേർത്ത് ഇളക്കി കൊടുക്കുക.. ഇത് ഒരു പ്രത്യേക മണവും രുചിയും നൽകാൻ സഹായിക്കും. നിറം ലഭിക്കുന്നതിന് വേണ്ടി കുറച്ചു മഞ്ഞൾപൊടി ഇട്ട വെള്ളത്തിൽ കലക്കി എടുക്കാവുന്നതാണ്. ഒരു സ്പൂൺ മഞ്ഞൾപ്പൊടി വറുക്കുമ്പോൾ ചക്കയിലേക്ക് ചേർത്തു കൊടുക്കുകയും വേണം. ഇതിലേക്ക് ഉപ്പു കലക്കിയ വെള്ളം കൂടി ചേർത്ത് വെള്ളത്തിന്റെ അംശം എല്ലാം പോകുന്നതുവരെ നല്ലപോലെ ഇളക്കിയെടുക്കുക. അങ്ങനെ ചെയ്യുകയാണെങ്കിൽ വളരെ ക്രിസ്പിയായി ചക്ക വറുത്തത് റെഡിയാകും