തെൽ അവീവ്: ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്ക് ഡ്രോൺ ആക്രമണം നടത്തി ഹിസ്ബുല്ല. ഇസ്രായേലിലെ രണ്ട് സൈനിക കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം. സിവിലിയൻ ഉൾപ്പടെ ആറ് പേർക്ക് ആക്രമണങ്ങളിൽ പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്.
തെക്കൻ ലെബനനിലെ ഗ്രാമങ്ങളിൽ ഏതാനും മാസങ്ങളായി ഇസ്രയേൽ തുടരുന്ന ആക്രമണങ്ങൾ കൂടി കണക്കിലെടുത്താണ് ഹിസ്ബുല്ലയുടെ തിരിച്ചടി. ടെഹ്‌റാനിൽ ഹമാസ് നേതാവിനെ ഇസ്രയേൽ വധിച്ചതിനു പകരം വീട്ടാൻ ഇറാൻ ശ്രമിക്കുമെന്ന ആശങ്കയ്ക്കിടെയാണ് ഹിസ്ബുല്ലയുടെ ആക്രമണം.
ആക്രമണം നടന്ന വിവരം ഇസ്രായേൽ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ഡ്രോണുകളാണ് ലെബനാനിൽ നിന്നും എത്തിയത്. ഇതിൽ ഒന്നിനെ തകർത്തുവെന്നാണ് ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നത്. തെക്കൻ തീരദേശ നഗരമായ നഹറിയയിലാണ് ഡ്രോൺ പതിച്ചതെന്നാണ് ഇസ്രായേൽ പറയുന്നത്. ബസ് സ്റ്റോപ്പുകളിലൊന്നിലാണ് ഡ്രോൺ പതിച്ചതെന്നും ഇസ്രായേൽ വ്യക്തമാക്കി.
ആക്രമണം നടത്തിയ വിവരം ഹിസ്ബുല്ലയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ ഗോലാനി ബ്രിഗേഡിന് നേരെയാണ് ആക്രമണം നടത്തിയതെന്നും ഹിസ്ബുല്ല അറിയിച്ചിട്ടുണ്ട്. ലെബാനാനുമായി അതിർത്തി പങ്കിടുന്ന മേഖലകളിലാണ് ആക്രമണം നടത്തിയതെന്നും ഹിസ്ബുല്ല അറിയിച്ചു.
എന്നാൽ, സംഘർഷം രൂക്ഷമാക്കാൻ താൽപര്യമില്ലെന്ന് ഇറാൻ വിദേശകാര്യ വക്താവ് നാസർ കനാനി വ്യക്തമാക്കി. അരക്ഷിതാവസ്ഥ തുടരുന്നത് ഒഴിവാക്കാൻ ഇസ്രയേലിന് ശിക്ഷ നൽകേണ്ടത് ആവശ്യമാണെന്നും പറഞ്ഞു. ഇസ്രയേലിനു പിന്തുണ നൽകുന്നത് യുഎസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഇറാന്റെ അഭ്യർഥനയെ തുടർന്ന് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ ഓപ്പറേഷന്റെ അടിയന്തര യോഗം നാളെ നടക്കും. ഹമാസ് നേതാവ് ഹനിയയുടെ വധം ചർച്ച ചെയ്യാനാണു യോഗം വിളിച്ചത്.