പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ നാലാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യ. വനിതകളുടെ 50 കി.ഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഫൈനലില്‍ കടന്നതോടെ വിനേഷ് ഫോഗട്ട് മെഡലുറപ്പാക്കി.
സെമിയില്‍ ക്യൂബയുടെ യൂസ്നെലിസ് ഗുസ്മാൻ ലോപ്പസിനെ മലര്‍ത്തിയടിച്ചാണ് വിനേഷ് ഫോഗട്ട് ഗുസ്തി ഫൈനലിലെത്തിയത്. ക്യൂബന്‍ താരത്തിന് ഒന്ന് പൊരുതാന്‍ പോലും അവസരം നല്‍കാതെ 5-0നാണ് വിനേഷ് വീഴ്ത്തിയത്. ഇതോടെ ഒളിമ്പിക് ഗുസ്തിയില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടവും വിനേഷിന് സ്വന്തമായി.
ആദ്യ റൗണ്ടില്‍ പ്രതിരോധത്തിന് ഊന്നല്‍ നല്‍കി കളിച്ച വിനേഷ് രണ്ടാം റൗണ്ടില്‍ അതിവേഗ ആക്രമണങ്ങളിലൂടെ നാല് പോയന്റും മത്സരവും സ്വന്തമാക്കുകയായിരുന്നു.
നേരത്തെ യുക്രൈനിന്‍റെ ഒസ്കാന ലിവാച്ചിനെ മലര്‍ത്തിയടിച്ചാണ് വിനേഷ് സെമിയിലെത്തിയത്. നാളെ നടക്കുന്ന ഫൈനലില്‍ തോറ്റാലും വിനേഷിന് വെള്ളി മെഡല്‍ ഉറപ്പിക്കാം. ഇന്ന് തന്നെ നടന്ന പ്രീ ക്വാര്‍ട്ടറില്‍ നിലവിലെ ഒളിംപിക് ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ ജപ്പാന്‍റെ യു സുസാകിയെ 3-2ന് അട്ടിമറിച്ചാണ് വിനേഷ് ക്വാര്‍ട്ടറില്‍ കടന്നത്.