വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർജീവനക്കാരും അധ്യാപകരും അഞ്ചുദിവസത്തെ ശമ്പളം സാലറി ചലഞ്ചായി നൽകണം. ഇത് സർക്കാരിന്റെ നിർബന്ധമല്ലെന്നും ജീവകാരുണ്യവും മനുഷ്യത്വവും സ്ഫുരിക്കുന്ന നല്ല മനസ്സാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിർബന്ധിത പിടിച്ചെടുക്കൽ പാടില്ലെന്ന് സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടതിനാലാണ് ഇത്തരമൊരു പ്രസ്താവന മുഖ്യമന്ത്രി നടത്തിയത്.
സർക്കാരിന്റെ അഭ്യർഥന സർവീസ് സംഘടനകൾ പൊതുവേ സ്വീകരിച്ചുവെന്നും സർക്കാർ ജീവനക്കാരും പൊതു മേഖലാസ്ഥാപനങ്ങളിലും എയ്ഡഡ് സ്കൂൾ കോളേജുകളിലും ജോലി ചെയ്യുന്നവരും ഇതിൽ പങ്കാളികളാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ചുദിവസത്തെ ശമ്പളം ഒറ്റത്തവണയായി അടുത്തമാസത്തെ ശമ്പളത്തിൽനിന്ന് നൽകാം.
തവണകളായി അടുത്തമാസം ഒരു ദിവസത്തെയും തുടർന്നുള്ള രണ്ടുമാസങ്ങളിൽ രണ്ടു ദിവസത്തെ വീതവും ശമ്പളം നൽകാം. സ്ഥാപനമേധാവികൾക്കാണ് സമ്മതപത്രം നൽകേണ്ടത്. സ്പാർക്ക് മുഖേന തുടർ നടപടികൾ സ്വീകരിക്കും. അഞ്ചുദിവസത്തിൽ കൂടുതൽ നൽകാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെ നൽകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.