സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ട്രെയിനിൽ കൊണ്ടുപോയി ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭിന്നശേഷിക്കാരായ 2 യുവാക്കൾ അറസ്റ്റിലായി. ഇവരും കൊല്ലപ്പെട്ടയാളും കേൾവി, സംസാര ശേഷിയില്ലാത്തവരാണ്. മൃതദേഹം പെട്ടിയിലാക്കി ട്രെയിനിൽ കയറ്റി ഒറ്റപ്പെട്ട സ്ഥലത്ത് ഉപേക്ഷിക്കാനായി ദാദർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്.
മുംബൈ സാന്താക്രൂസ് സ്വദേശിയായ അർഷാദ് അലി ഷെയ്ഖാണ് (30) കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ ശിവജിത് സുരേന്ദ്ര സിങ്, ജയ് ചൗഡ എന്നിവരാണു പിടിയിലായത്. പ്രതികളിൽ ഒരാളുടെ കാമുകിയുമായുള്ള അർഷാദ് അലിയുടെ ബന്ധമാണു കൊലപാതകത്തിനു കാരണമെന്നാണു പൊലീസ് പറയുന്നത്. ഭിന്നശേഷിക്കാരുടെ യോഗത്തിനിടെയാണു മൂവരും സൗഹൃദത്തിലായത്.
ഞായറാഴ്ച ദക്ഷിണ മുംബൈയിലെ വീട്ടിൽ അർഷാദിനെ വിളിച്ചുവരുത്തിയ പ്രതികൾ മദ്യപിച്ച ശേഷം തർക്കത്തിനിടെ ചുറ്റിക കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഭാരമുള്ള സ്യൂട്ട് കേസ് ട്രെയിനിൽ കയറ്റാൻ ഇരുവരും ബുദ്ധിമുട്ടിയപ്പോൾ സഹായിക്കാനെത്തിയ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ രക്തം ഒഴുകുന്നതു കണ്ടു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്തുനിന്ന് കടന്ന സുരേന്ദ്ര സിങ്ങിനെ പിന്നീടു പിടികൂടുകയായിരുന്നു. ആംഗ്യഭാഷ വിദഗ്ധരെ നിയോഗിച്ചാണ് പ്രതികളെ ചോദ്യംചെയ്യുന്നത്.