ബ്രിട്ടനിൽ രാഷ്ട്രീയാഭയം തേടാനുള്ള ഷെയ്ഖ് ഹസീനയുടെ പദ്ധതി അനിശ്ചിതത്വത്തിലായതോടെ യുഎഇ, ഖത്തർ, സൗദി അറേബ്യ, ബെലാറൂസ്, ഫിൻലൻഡ് തുടങ്ങിയ രാജ്യങ്ങളും പരിഗണനയിലുണ്ടെന്ന് റിപ്പോർട്ട്. ഹസീനയുടെ സഹോദരി രഹാനയുടെ മകൾ ടുലിപ് സിദ്ധിഖ് ബ്രിട്ടിഷ് പാർലമെന്റ് അംഗമാണെന്നതാണ് ബ്രിട്ടനിലേക്ക് ഹസീനയെ ആകർഷിക്കുന്ന ഘടകം.
എന്നാൽ, ഹസീനയ്ക്കെതിരെ ബംഗ്ലദേശിൽ വന്നേക്കാവുന്ന കേസുകളിൽനിന്നു നിയമപരിരക്ഷ നൽകാനാവില്ലെന്ന് ബ്രിട്ടൻ വ്യക്തമാക്കിയിട്ടുണ്ട്. യുകെയിലെ നിയമമനുസരിച്ച് രാഷ്ട്രീയാഭയം തേടുന്നത് യുകെക്കു പുറത്തുനിന്നാവാനും പാടില്ല. രാജ്യത്തെത്തിയ ശേഷം സമർപ്പിക്കുന്ന അപേക്ഷകളിലും തുടർനടപടികൾ അനായാസമല്ല.ഫിൻലൻഡിൽ ഹസീനയുടെ കുടുംബാംഗങ്ങൾ താമസിക്കുന്നുണ്ട്. ഇക്കാരണത്താലാണ് വടക്കൻ യൂറോപ്യൻ രാജ്യം പരിഗണനയിലുള്ളത്.
ബംഗ്ലദേശിലെ ആഭ്യന്തര കലാപം പെട്ടെന്നുണ്ടായ ആളിക്കത്തലല്ലെന്നും ആസൂത്രണം അതിനു പിന്നിലുണ്ടാകാമെന്നും ഇന്ത്യയുടെ നിഗമനം. കലാപവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിശദീകരിക്കാൻ കേന്ദ്രം വിളിച്ച സർവകക്ഷി യോഗത്തിൽ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഇക്കാര്യം പറഞ്ഞു. ഈ വർഷമാദ്യം ബംഗ്ലദേശിൽ പൊതുതിരഞ്ഞെടുപ്പ് നടന്ന വേളയിലും ആഭ്യന്തര കലാപത്തിനു ശ്രമം നടന്നിരുന്നു. കലാപത്തിനു പിന്നിൽ ചൈന, പാക്കിസ്ഥാൻ എന്നിവയ്ക്കു പങ്കുണ്ടോയെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. പരിശോധിക്കുന്നുണ്ടെന്നു മന്ത്രി മറുപടി നൽകി.