മുംബൈ, ഓഗസ്റ്റ് 5, 2024: ഇലക്ട്രിക്ക് വാഹന നിർമാതാക്കളായ ഒഡീസ് ഇലക്ട്രിക് വെഹിക്കിള്‍സ് ചാര്‍ജ്ജ് തീരുന്ന ബാറ്ററിക്ക് പകരം ചാര്‍ജ്ജ് ചെയ്ത മറ്റൊരു ബാറ്ററി മാറ്റി ഉപയോഗിക്കുന്ന പരിഹാരം ലഭ്യമാക്കുന്ന സണ്‍ മൊബിലിറ്റിയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഒഡീസിൻ്റെ വേഡര്‍ എസ്എം എന്ന ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ കയറ്റുമതി ചെയ്യുക എന്ന ഉദ്ദേശം മുന്നില്‍ കണ്ടാണ് ഈ പങ്കാളിത്തം.
സണ്‍ മൊബിലിറ്റിയുടെ രണ്ട് സ്മാര്‍ട്ട് ബാറ്ററികള്‍ ആണ് വേഡര്‍ എസ്എമ്മിന് കരുത്ത് പകരുക. കൊണ്ടു നടക്കാവുന്നതും സണ്‍ മൊബിലിറ്റിയുടെ ക്വിക്ക് ഇന്റർചേഞ്ച് സ്റ്റേഷനുകളിൽ പെട്ടെന്ന് തന്നെ മാറ്റാവുന്നതുമായ എഐഎസ്-156 അംഗീകൃത ബാറ്ററിയാണിത്. വേഡര്‍ എസ്എമ്മിന് ഒരു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുണ്ട്. ഇത് 400 വാട്ട് ഇലക്ട്രിക് മോട്ടോര്‍ കൊണ്ട് കരുത്ത് നല്‍കിയതാണ്. പരമാവധി മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയും ഒരു ബാറ്ററിയില്‍ 130 കിലോമീറ്റര്‍ റെയ്ഞ്ചും ഇത് നല്‍കും. ഇക്കോ, പവര്‍, സ്പോര്‍ട്സ്, റിവേഴ്സ്, പാര്‍ക്കിങ്ങ് എന്നിങ്ങനെ 5 വ്യത്യസ്ത ഡ്രൈവ് മോഡുകള്‍ ഉള്ള വേഡര്‍ എസ്എം ക്രൂസ് കണ്ട്രോളും ഉള്ളതാണ്. കോമ്പി ബ്രേക്കിങ്ങ് സിസ്റ്റം, ഹില്‍ അസിസ്റ്റ്, എനര്‍ജി റീജനറേഷന്‍ എന്നിങ്ങനെയുള്ള ആധുനിക സവിശേഷതകളും വേഡര്‍ എസ്എമ്മിന് ഉണ്ട്. ബില്‍റ്റ്-ഇന്‍ പ്രൊട്ടക്ഷന്‍ സര്‍ക്യൂട്ടുകളുമായി സിഎഎന്‍ കമ്മ്യൂണിക്കേഷന്‍ ഉണ്ടാകുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതത്വവും സൗകര്യവും ഉറപ്പാകുന്നു.