വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയുള്ള ഔട്ടര്‍ റിങ്ങ് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 1629.24 കോടി രൂപയുടെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലണ് തലസ്ഥാന നഗരത്തിന്റെ മുഖച്ഛായ മാറ്റുന്നതിനുതകുന്ന തീരുമാനം എടുത്തത്. ഇതിന്റെ ഭാഗമായുള്ള സാമ്പത്തിക പങ്കാളിത്ത കരാറിന് മന്ത്രിസഭ അംഗീകാരവും നല്‍കി. 45 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന റോഡുമായി ബന്ധപ്പെട്ട് കിഫ്ബി, ദേശീയ പാത അതോറിറ്റി,
ക്യാപിറ്റല്‍ റീജിയണ്‍ ഡെവലപ്മെന്റ് പ്രോജക്റ്റ് -II (CRDP), പൊതുമരാമത്ത് വകുപ്പ് എന്നിവര്‍ ഉള്‍പ്പെട്ട കരട് ചതുര്‍കക്ഷി കരാറാണ് വ്യവസ്ഥകള്‍ക്ക് വിധേയമായി മന്ത്രിസഭ അംഗീകരിച്ചത്. ഔട്ടര്‍ റിംഗ് റോഡ് നിര്‍മ്മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ തുകയുടെ 50% ( ഏകദേശം 930.41 കോടി രൂപ) കിഫ്ബി മുഖേന നല്‍കും. സര്‍വീസ് റോഡുകളുടെ നിര്‍മ്മാണത്തിനാവശ്യമായ തുക (ഏകദേശം 477.33 കോടി രൂപ ) MIDP (Major Infrastructure Development Projects) യുടെ ഭാഗമാക്കാവുന്നതും, ഈ തുക 5 വര്‍ഷത്തിനുള്ളില്‍ കേരള സര്‍ക്കാര്‍ ദേശീയപാത അതോറിറ്റിക്ക് നല്‍കുന്നതുമാണ്.
ഇതിനു പുറമെ റോയല്‍റ്റി, ജിഎസ്ടി ഇനങ്ങളില്‍ ലഭിക്കുന്ന തുകയും സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നുവെക്കും. ചരക്ക് സേവന നികുതി ഇനത്തില്‍ ലഭിക്കുന്ന 210.63 കോടി രൂപയും, റോയല്‍റ്റി ഇനത്തില്‍ ലഭിക്കുന്ന 10.87 കോടി രൂപയുമാണ് വേണ്ടെന്നുവെക്കുക. ഔട്ടര്‍ റിംഗ് റോഡിന്റെ നിര്‍മ്മാണത്തിനിടെ ലഭ്യമാകുന്ന കരിങ്കല്‍ ഉല്‍പ്പന്നങ്ങളും മറ്റ് പാറ ഉല്‍പ്പന്നങ്ങളും റോയല്‍റ്റി ഇളവ് ലഭിക്കുന്ന ഉല്‍പ്പന്നങ്ങളും ഈ ദേശീയപാതയുടെ നിര്‍മ്മാണത്തിന് മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളു.
ദേശിയപാത അതോറിറ്റി നിയോഗിക്കുന്ന എഞ്ചിനീയര്‍, ബന്ധപ്പെട്ട ജില്ലയിലെ ജില്ലാ ജിയോളജിസ്റ്റ് എന്നിവരുടെ സംയുക്ത ടീം റോയല്‍റ്റി ഇളവ് ലഭിക്കേണ്ട ഉല്‍പ്പന്നങ്ങളുടെ അളവ് സര്‍ട്ടിഫൈ ചെയ്യേണ്ടതാണ്. ഔട്ടര്‍ റിംഗ് റോഡ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന ചരക്ക് സേവന നികുതി വിഹിതം, ദേശീയപാത അതോറിറ്റിക്ക് ഗ്രാന്റ് ആയി നല്‍കും. ദേശീയപാത അതോറിറ്റി സമര്‍പ്പിക്കുന്ന നിര്‍ദ്ദേശം സൂക്ഷ്മപരിശോധന നടത്തി ഗ്രാന്റ് നല്‍കുന്നതിന് നികുതി-ധനകാര്യ വകുപ്പുകള്‍ ചേര്‍ന്ന് നടപടിക്രമം വികസിപ്പിക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായാണിത്.
വിസിലിന് സര്‍ക്കാര്‍ ഗ്യാരണ്ടി
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയ്ക്കായി നബാര്‍ഡില്‍ നിന്നും 2100 കോടി രൂപ വായ്പ എടുക്കുന്നതിന് നബാര്‍ഡ് നല്കിയിട്ടുള്ള വായ്പാ അനുമതി കത്തിലെ നിബന്ധനകളും വ്യവസ്ഥകളും ഭേദഗതിയോടെ അംഗീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തുറമുഖ നിര്‍മ്മാണത്തിന് വേണ്ടി നബാര്‍ഡ് വായ്പ എടുക്കുന്നതിനായി, നേരത്തേ ഹഡ്‌കോയില്‍ നിന്നും ലോണ്‍ എടുക്കുന്നതിന് അനുവദിച്ച ഗവണ്‍മെന്റ് ഗ്യാരന്റി റദ്ദ് ചെയ്യും. നബാര്‍ഡില്‍ നിന്നും 2100 കോടി രൂപ വായ്പ എടുക്കുന്നതിന് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന് ഗവണ്‍മെന്റ് ഗ്യാരന്റി അനുവദിക്കും. കരാറുകള്‍ ഒപ്പു വയ്ക്കുന്നതിന് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ക്ക് അനുമതി നല്‍കും. നബാര്‍ഡില്‍ നിന്നും എടുക്കുന്ന വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കും.