ഇന്ത്യയുടെ തെക്കന്‍ ഭാഗത്തുള്ള ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ശ്രീ യാഗന്തി ഉമാ മഹേശ്വര സ്വാമി ക്ഷേത്രം. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ നല്ലമല വനത്തിന് നടുവിലുള്ള യാഗന്തി ഗ്രാമത്തില്‍ പ്രകൃതിയുടെ മടിത്തട്ടിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കുര്‍ണൂലില്‍ നിന്ന് 100 കിലോമീറ്ററും നന്ദ്യാലില്‍ നിന്ന് 53 കിലോമീറ്ററും അകലെയാണ് ക്ഷേത്രം സ്ഥിതചെയ്യുന്നത്. ആന്ധ്രാപ്രദേശിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രങ്ങളിലൊന്നാണ് ശ്രീ യാഗന്തി ഉമാ മഹേശ്വര ക്ഷേത്രം. പല്ലവര്‍, ചോളര്‍, ചാലൂക്യര്‍, വിജയനഗര ഭരണാധികാരികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്.
ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തില്‍ നന്ദീശ്വറിന്റെ ഒരു വലിയ ശിലാവിഗ്രഹം ഇരിപ്പിടത്തില്‍ കാണപ്പെടുന്നു. നന്ദിയുടെ വിഗ്രഹം അനുദിനം വളരുകയാണെന്നാണ് പറയപ്പെടുന്നത്. ക്ഷേത്രത്തില്‍ നന്ദി വിഗ്രഹം വളരുന്നുണ്ടോ എന്ന കാര്യത്തില്‍ നിരവധി അഭിപ്രായങ്ങളും നിലനില്‍ക്കുന്നുണ്ട്. നാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നന്ദി വിഗ്രഹം ചെറുതായിരുന്നുവെന്നും ഭക്തര്‍ വിഗ്രഹത്തിന് ചുറ്റും പ്രദക്ഷിണം വെച്ചിരുന്നുവെന്നും കഴിഞ്ഞ നാനൂറ് വര്‍ഷത്തിനിടയില്‍ നന്ദി വിഗ്രഹത്തിന്റെ വലിപ്പം വര്‍ദ്ധിച്ചതിനാല്‍ അത് അപ്രായോഗികമാണെന്നും പ്രാദേശിക വാര്‍ത്തകളില്‍ പറയുന്നു.
യാഗന്തിയിലെ സ്വാഭാവികമായി രൂപപ്പെട്ട ഗുഹകളാണ് തീര്‍ത്ഥാടകരെ വിസ്മയിപ്പിക്കുന്ന മറ്റൊരു കാര്യം. അഗസ്ത്യ മഹര്‍ഷി സ്ഥാപിച്ച ശ്രീ വെങ്കിടേശ്വര പ്രതിമ വെങ്കിടേശ്വര ഗുഹയില്‍ കാണാം. ശിവഗുഹ എന്നാണ് ഈ ഗുഹയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. 120 പടികള്‍ കയറി വേണം ഭക്തര്‍ക്ക് ഈ ഗുഹയിലെത്താന്‍. പോത്തുലൂരി വീരബ്രഹ്‌മന്‍ കുറച്ചുകാലം ശിവഗുഹയ്ക്ക് അടുത്തുള്ള മറ്റൊരു ഗുഹയില്‍ വസിക്കുകയും ശിഷ്യന്മാരെ ബോധവല്‍ക്കരിക്കുകയും ചെയ്തുവെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ശങ്കരഗുഹ അല്ലെങ്കില്‍ റോക്കല്ലഗുഹ എന്നാണ് ഇത് അറിയപ്പെടുന്നത്.
ഐതിഹ്യമനുസരിച്ച്, യാഗന്തിയില്‍ കാക്കകള്‍ പറക്കാറില്ല. അഗസ്ത്യ മുനി ഇവിടെ ധ്യാനത്തിലിരിക്കുമ്പോള്‍, കാക്കകളുടെ രാജാവായ കാകാസുരന്‍ അദ്ദേഹത്തെ ധ്യാനത്തില്‍ നിന്ന് ശല്യപ്പെടുത്തിയതിനാല്‍, കാക്കകള്‍ പരിസരത്ത് കടക്കരുതെന്ന് ശപിച്ചു. കാക്ക ശനിയുടെ വാഹനമായതിനാല്‍ ശനിക്കും ഇവിടെ പ്രവേശിക്കാനാവില്ല.
ശിവലിംഗത്തിന് പകരം ഒരു വിഗ്രഹത്തിന്റെ രൂപത്തില്‍ ശിവനെ ആരാധിക്കുന്ന ഏക ക്ഷേത്രമാണ് യാഗന്തി. അഗസ്ത്യ പുഷ്‌കര്‍ണിയും ഈ ക്ഷേത്രത്തിലുണ്ട്, ഇവിടെ വര്‍ഷം മുഴുവനും മലയുടെ അടിയില്‍ നിന്ന് വെള്ളം ഒഴുകുന്നു. ദൈവത്തോടുള്ള ആരാധനയുടെ ഭാഗമായി ആരാധകര്‍ വിശുദ്ധജലത്തില്‍ മുങ്ങുന്നു. ആകാശദീപമാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. ക്ഷേത്രത്തിനു പിന്നിലുള്ള പാറക്കെട്ടിന് മുകളിലാണ് ഈ വിളക്ക് സ്ഥാപിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വളരെ പ്രധാനപ്പെട്ട ഭാഗമായതിനാല്‍ എല്ലാ ദിവസവും പൂജാരിമാരാണ് ഇത് കത്തിക്കുന്നത്. വലിപ്പം കാരണം, 4 ലിറ്റര്‍ എണ്ണയും 2 മീറ്റര്‍ കട്ടിയുള്ള തിരിയും രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ കത്തിക്കാന്‍ ഉപയോഗിക്കുന്നു.
അര്‍ദ്ധനാരീശ്വര എന്നറിയപ്പെടുന്ന ശിവന്റെയും പാര്‍വതിയുടെയും വിഗ്രഹമാണ് ക്ഷേത്രത്തിലുള്ളത്. ഒറ്റക്കല്ലില്‍ കൊത്തിയെടുത്തതാണ് ഈ വിഗ്രഹം. എല്ലാ വര്‍ഷവും മഹാ ശിവരാത്രി ഉത്സവം ക്ഷേത്രത്തില്‍ വലിയ ആഡംബരത്തോടെ ആഘോഷിക്കപ്പെടുന്നു. ഈ സമയത്ത് വിനോദസഞ്ചാരികളും പ്രത്യേകിച്ച് ശിവഭക്തരും വന്‍തോതില്‍ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്താറുണ്ട്. എല്ലാ ദിവസവും രാവിലെ 6-00 മുതല്‍ 11-00 വരെയും വൈകുന്നേരം 3-00 മുതല്‍ രാത്രി 8-00 വരെയും ക്ഷേത്രം തുറന്നിരിക്കും. ക്ഷേത്രത്തില്‍ താമസ സൗകര്യവും സൗജന്യ ഭക്ഷണ സൗകര്യവുമുണ്ട്.
STORY HIGHLIGHTS: Yaganti Temple Andhra Pradesh