World

ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ വ്യാഴാഴ്ച രാത്രി അധികാരമേൽക്കും-Bangladesh interim government

സർക്കാറിനെ നയിക്കാമെന്ന് സമ്മതിച്ച മുഹമ്മദ് യൂനുസ് വ്യാഴാഴ്ച ഉച്ചക്ക് പാരിസിൽനിന്ന് മടങ്ങിയെത്തും

ധാക്ക: ബംഗ്ലാദേശിൽ നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാത്രി എട്ട് മണിക്കായിരിക്കും സത്യപ്രതിജ്ഞയെന്ന് കരസേന മേധാവി ജനറൽ വാഖിറുസ്സമാൻ അറിയിച്ചു. സർക്കാറിനെ നയിക്കാമെന്ന് സമ്മതിച്ച മുഹമ്മദ് യൂനുസ് വ്യാഴാഴ്ച ഉച്ചക്ക് പാരിസിൽനിന്ന് മടങ്ങിയെത്തും. 15 അംഗ മന്ത്രിസഭയിൽ ആരെയൊക്കെ ഉൾപ്പെടുത്തുമെന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

കലുഷിതമായ അന്തരീക്ഷം ശാന്തമാക്കുകയെന്ന ദൗത്യമാണ് മുഹമ്മദ് യൂനുസിനു മുന്നിലുള്ളത്. സമാധാനം പാലിക്കാൻ എല്ലാവരും തയാറാകണമെന്ന് നിയുക്ത പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്. ചർച്ചകളിൽ വിദ്യാർഥി പ്രതിനിധികളുടെ ആവശ്യങ്ങൾക്കു തന്നെയാണ് മുൻതൂക്കം. വിദ്യാർഥികളെ പ്രകീർത്തിച്ച് ജയിൽമോചിതയായ മുൻ പ്രധാനമന്ത്രി ഖാലിദ സിയയും രംഗത്തുവന്നിരുന്നു. മൂന്ന് മാസത്തിനകം രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ജോലിയിലെ സംവരണത്തിനെതിരേയുള്ള പ്രതിഷേധം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായതോടെയാണ് ഷെയ്ഖ് ഹസീനയ്ക്ക് ബംഗ്ലാദേശ് പ്രധാനമന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. തുടര്‍ന്ന് സഹോദരി രെഹാനയ്‌ക്കൊപ്പം അവര്‍ ഇന്ത്യയിലെത്തി. രാഷ്ട്രീയ അഭയകേന്ദ്രത്തിന്റെ കാര്യത്തില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് ഗാസിയാബാദിലെ ഹിന്‍ഡണ്‍ വ്യോമതാവളത്തില്‍ തുടരുകയാണ് ഹസീന. അവര്‍ യു.കെയില്‍ അഭയം തേടുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ യു.കെ വിഷയത്തില്‍ അനുകൂല നിലപാടല്ല കൈക്കൊണ്ടിട്ടുള്ളത്.