Health

മൂക്കിലെ ബ്ലാക്ക്ഹെഡ്‌സ് നീക്കം ചെയ്യണോ? ഇതൊന്ന് പരീക്ഷിച്ച് നോക്കൂ..-Black heads removal tips

എണ്ണമയമുള്ള ചര്‍മ്മത്തിലാണ് ബ്ലാക്ക്‌ഹെഡ്‌സ്, മുഖക്കുരു എന്നീ പ്രശ്‌നങ്ങള്‍ കൂടുതലായി കാണുന്നത്

മുഖ സൗന്ദര്യത്തിന്റെ കാര്യത്തില്‍ പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് മൂക്കില്‍ ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്‌സ്. എണ്ണമയമുള്ള ചര്‍മ്മത്തിലാണ് ബ്ലാക്ക്‌ഹെഡ്‌സ്, മുഖക്കുരു എന്നീ പ്രശ്‌നങ്ങള്‍ കൂടുതലായി കാണുന്നത്. പാര്‍ലറുകളില്‍ പോയി ഫേസ് ക്ലീനപ്പും സ്‌ക്രബ്ബും ഒക്കെ ചെയ്ത് ധാരാളം പണം ചെലവഴിച്ചാണ് പലരും ഈ പ്രശ്‌നത്തില്‍ നിന്നും മോചനം നേടുന്നത്. എന്നാല്‍ പാര്‍ലറുകളില്‍ ഒന്നും പോയി സമയവും കളയണ്ട, പൈസയും കളയണ്ട, വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ഇതിന് നിരവധി പരിഹാരങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും.

വീട്ടില്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന ചില ചേരുവകള്‍ മാത്രം മതി ഇത് മുഖത്തുനിന്നും തുടച്ചുനീക്കാന്‍. വീട്ടിലെ ചില ചേരുവകള്‍ ഉപയോഗിച്ചുതന്നെ ഇതിന് പരിഹാരം കാണാം. ബ്ലാക്ക്‌ഹെഡ്സ് അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ എന്തൊക്കെയെന്ന് നോക്കാം.

കറുവപ്പട്ട പൊടി

1 ടീസ്പൂണ്‍ കറുവപ്പട്ട പൊടി, അര ടീസ്പൂണ്‍ പഞ്ചസാര, അല്‍പ്പം തേനും 1 ടേബിള്‍ സ്പൂണ്‍ അരിപ്പൊടിയും ചേര്‍ത്ത് യോജിപ്പിക്കുക. ഇനി ഇതിലേക്ക് കുറച്ച് നാരങ്ങ നീരും ചേര്‍ത്ത് യോജിപ്പിക്കുക. മുഖത്ത് നന്നായി ആവി കൊടുത്ത ശേഷം ഈ മാസ്‌ക് മൂക്കില്‍ ഇടുക. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്.

ഉപ്പ്

ഉപ്പ് നല്ലൊരു അണുനാശിനിയാണ്. ഉപ്പിലെ ബ്ലീച്ചിംഗ് ഇഫക്ട് ബ്ലാക്ക്‌ഹെഡ്സ് നീക്കാന്‍ സഹായിക്കും. ഇതിനായി ഉപ്പും ടൂത്ത്‌പേസ്റ്റും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം ബ്ലാക്ക്‌ഹെഡ്സ് ഉള്ള ഭാഗങ്ങളില്‍ പുരട്ടാം. ഉണങ്ങിയതിന് ശേഷം വെള്ളം തൊട്ട് നന്നായി സ്‌ക്രബ് ചെയ്യാം.

ഓട്‌സ്

ഒരു പാത്രത്തില്‍ രണ്ട് ടീസ്പൂണ്‍ ഓട്‌സ് പൊടിച്ചത് എടുക്കുക. ശേഷം ഇതിലേയ്ക്ക് ഒരു സ്പൂണ്‍ തേന്‍, ഒരു വാഴപ്പഴം ഉടച്ചത് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കാം. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി സ്‌ക്രബ് ചെയ്യാം. ഇതിനുശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ചു മുഖം കഴുകാം.

പഞ്ചസാര

ചെറുനാരങ്ങ മുറിച്ചതിന് മുകളില്‍ പഞ്ചസാര വിതറിയും ബ്ലാക്ക്‌ഹെഡ്സുള്ള ഭാഗത്ത് സ്‌ക്രബ് ചെയ്യാം. ഇത് മുഖക്കുരുവിന് പരിഹാരമാവുകയും ചെയ്യും. മുട്ടയുടെ വെള്ളയുടെ കൂടെ അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്തും ബ്ലാക്ക്‌ഹെഡ്സുള്ളടത്ത് പുരട്ടാം.

ചെറുനാരങ്ങാനീര്

ഉപ്പിനൊപ്പം ചെറുനാരങ്ങാനീര് ചേര്‍ത്തും ഉപയോഗിക്കാം. നാരങ്ങയ്ക്കും ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ഇതിനായി ചെറുനാരങ്ങാനീരില്‍ അല്‍പം ഉപ്പ് ചേര്‍ത്തു മിശ്രിതമാക്കിയതിന് ശേഷം ബ്ലാക്ക്‌ഹെഡ്സ് ഉള്ള ഭാഗങ്ങളില്‍ പുരട്ടാം. 15 മിനിറ്റിന് ശേഷം ഇളം ചൂടുവെള്ളം കൊണ്ട് കഴുകാം.

തേന്‍

ഉപ്പിനൊപ്പം തേന്‍ ചേര്‍ത്തു പുരട്ടുന്നതും ബ്ലാക്ക്‌ഹെഡ്സ് മാറാന്‍ സഹായിക്കും. ഇതിനായി ഉപ്പും തേനും സമം ചേര്‍ത്ത് മിശ്രിതമാക്കുക. ഇതിലേയ്ക്ക് വേണമെങ്കില്‍ നാരങ്ങാനീര് കൂടി ചേര്‍ക്കാം. ശേഷം ഈ മിശ്രിതം ബ്ലാക്ക്‌ഹെഡ്സ് ഉള്ള ഭാഗങ്ങളില്‍ പുരട്ടാം. കുറച്ച് കഴിഞ്ഞ് തണുത്തവെള്ളത്തില്‍ കഴുകാം.

ബേക്കിംഗ് സോഡ

ബ്ലാക്ക് ഹെഡ്‌സിനു കാരണമാകുന്ന ചര്‍മ്മത്തിലെ മൃത കോശങ്ങളെ ഇല്ലാതാക്കാന്‍ നല്ലൊരു എക്‌സ്‌ഫോലിയേറ്റര്‍ ആയി ഉപയോഗിക്കാവുന്ന ഒന്നാണ് ബേക്കിംഗ് സോഡ. ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡയും അറ് ടേബിള്‍ സ്പൂണ്‍ ചെറു നാരങ്ങാ നീരും നന്നായി യോജിപ്പിച്ചു പേസ്റ്റ് ഉണ്ടാക്കി മൂക്കത്തു പുരട്ടുക. ഉണങ്ങിയതിനു ശേഷം ചെറു ചൂട് വെള്ളത്തില്‍ കഴുകിക്കളയുക.

ഒലീവ് ഓയില്‍

രണ്ട് ടീസ്പൂണ്‍ ഓട്‌സ് നന്നായി പൊടിച്ച് പൗഡര്‍ രൂപത്തിലാക്കുക. ഇനി ഇത് കട്ടത്തൈരും ഒലീവ് ഓയിലും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. ശേഷം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്.

മുട്ട

ഒരു മുട്ടയുടെ വെള്ളയും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുക. ഉണങ്ങുമ്പോള്‍ ഇളം ചൂടുവെള്ളത്തില്‍ കഴുകി കളയാം.

 

STORY HIGHLIGHTS: Black heads removal tips