കൊളംബൊ: ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 110 റണ്‍സിന്റെ ദയനീയ തോല്‍വി. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ 249 റണ്‍സിന്റെ വിജയലക്ഷ്യമാണ് ശ്രീലങ്ക മുന്നോട്ടുവച്ചത്. അവിഷ്‌ക ഫെര്‍ണാണ്ടോ (96), കുശാല്‍ മെന്‍ഡിന്‍സ് (59) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 26.1 ഓവറില്‍ 138ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ദുനിത് വെല്ലാലഗെയാണ് ഇന്ത്യയെ തകര്‍ത്തത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ആതിഥേയര്‍ 2-0ത്തിന് സ്വന്തമാക്കി. ആദ്യ മത്സരം ടൈയില്‍ അവസാനിച്ചിരുന്നു.
കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ കളി പാതിവഴി പിന്നിട്ടപ്പോഴേക്ക് ഇന്ത്യക്ക് കളംവിടേണ്ടിവന്നു. ഓപ്പണിങ് ഒരിക്കൽ കൂടി പരാജയപ്പെട്ടു. സ്‌കോർ 37ൽ നിൽക്കെ ശുഭ്ഗാൻ ഗില്ലിനെ (6) ആദ്യം നഷ്ടമായി. വിരാട് കോഹ്‌ലി (20), കെ.എൽ രാഹുലിന് പകരം ടീമിലെത്തിയ ഋഷഭ് പന്ത് (6), ശ്രേയസ് അയ്യർ (8), അക്‌സർ പട്ടേൽ (2), റിയാൻ പരാഗ് (15), ശിവം ദുബെ (9) എന്നിവരും വേഗത്തിൽ കൂടാരം കയറി.
തുടര്‍ന്ന് ഒന്‍പതാം വിക്കറ്റില്‍ വാഷിങ്ടണ്‍ സുന്ദര്‍ (18 പന്തില്‍ 30) നിര്‍ഭയമായി ബാറ്റുവീശുന്നതാണ് കണ്ടത്. കുല്‍ദീപ് യാദവായിരുന്നു മറുപുറത്ത് കൂട്ട്. ഓപ്പണിങ് കൂട്ടുകെട്ടും ഒന്‍പതാം വിക്കറ്റിലെ ഈ കൂട്ടുകെട്ടുമാണ് ഇന്ത്യന്‍ നിരയില്‍ ഏറ്റവും ദീര്‍ഘമുള്ള ഇന്നിങ്‌സ് കളിച്ചത്. രണ്ടിലും ലഭിച്ചത് 37 റണ്‍സ്. കുല്‍ദീപ് പന്തുകളെ പ്രതിരോധിച്ച് മുന്നോട്ടുനീങ്ങിയപ്പോള്‍ സുന്ദര്‍ സുന്ദരമായിത്തന്നെ ബാറ്റുവീശിക്കളിച്ചു.
പക്ഷേ, ആ രക്ഷാപ്രവര്‍ത്തന ശ്രമത്തിനും ആയുസ്സ് അധികമുണ്ടായില്ല. 26-ാം ഓവറില്‍ കൂറ്റനടിക്ക് ശ്രമിച്ച് സുന്ദറും മടങ്ങി. അപ്പോഴേക്കും ടീം സ്‌കോര്‍ ശ്രീലങ്ക നേടിയതിന്റെ പകുതി പിന്നിട്ടിരുന്നു എന്ന ആശ്വാസംമാത്രം ബാക്കി. അടുത്ത പന്തില്‍ത്തന്നെ കുല്‍ദീപ് യാദവും മടങ്ങിയതോടെ ഇന്ത്യന്‍ സ്‌കോര്‍ 138-ല്‍ അവസാനിച്ചു.
ശ്രീലങ്കൻ നിരയിൽ ദുനിത് വെല്ലലഗെ അഞ്ച് വിക്കറ്റ് വീഴ്ത്തി.
നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്ക, നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സ് നേടി. സെഞ്ചുറിക്ക് നാല് റണ്‍സകലെ പുറത്തായ ഓപ്പണര്‍ അവിഷ്‌ക ഫെര്‍ണാണ്ടോയുടെ (102 പന്തില്‍ 96 റണ്‍സ്) കിടിലന്‍ പ്രകടനമാണ് ശ്രീലങ്കയെ മികച്ച നിലയിലെത്തിച്ചത്. വിക്കറ്റ് കീപ്പര്‍ കുഷാല്‍ മെന്‍ഡിസിന്റെ (82 പന്തില്‍ 59) പ്രകടനവും ശ്രീലങ്കയ്ക്ക് തുണയായി. ഇന്ത്യക്കായി റിയാന്‍ പരാഗ് മൂന്ന് വിക്കറ്റുകള്‍ നേടി.