ന്യൂഡൽഹി: ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ച 120–140 ബംഗ്ലദേശുകാരെ ബംഗാളിലെ രാജ്യാന്തര അതിർത്തിയിൽ അതിർത്തി രക്ഷാസേന (ബിഎസ്എഫ്) തടഞ്ഞു. ബംഗ്ലദേശിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ അതിർത്തിമേഖലയിൽ ഇന്ത്യ അതീവജാഗ്രത പുലർത്തുന്നുണ്ട്. കുട്ടികളും സ്ത്രീകളുമടക്കമുള്ള സംഘമാണ് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചത്. ബിഎസ്എഫ് ബംഗ്ലദേശ് അതിർത്തി സേനയെ വിവരമറിയച്ചതോടെയാണ് ഇവരെ തടഞ്ഞ് തിരിച്ച് അയച്ചത്. ഇന്ത്യ–ബംഗ്ലദേശ് അതിർത്തിയായ 4096 കിലോമീറ്ററിൽ വടക്കൻ ബംഗാളിൽ 932 കിലോമീറ്ററാണുള്ളത്. ഡാർജിലിങ്, ജൽപായ്ഗുഡി, ഉത്തർ ദിനാജ്പുർ എന്നീ ജില്ലകൾ ഈ മേഖലയിലാണ്.
അതിനിടെ, ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള ചരക്കുകൈമാറ്റം പുനരാരംഭിച്ചു. ബംഗ്ലദേശിലെ സംഭവവികാസങ്ങളെത്തുടർന്ന് ചരക്കുഗതാഗതം തടസ്സപ്പെട്ടിരുന്നു. ഹിലി, ചംഗ്രബന്ധ, മഹാദിപുർ, ഫുൽബാരി തുടങ്ങിയ ലാൻഡ് പോർട്ടുകളിൽ ഇന്നലെ ചരക്കുനീക്കം നടന്നു. വീസയുമായി എത്തുന്ന ബംഗ്ലദേശ് സ്വദേശികൾക്കും ഇന്നലെ ഇന്ത്യയിൽ പ്രവേശനം അനുവദിച്ചു. ഏതാനും ദിവസങ്ങളായി ഇന്ത്യൻ ട്രക്കുകൾ ബംഗ്ലദേശ് അതിർത്തിയിൽ കുരുങ്ങിക്കിടക്കുകയാിരുന്നു. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ലാൻഡ് പോർട്ട് ആയ നോർത്ത് 24 പർഗാനാസിലെ പെട്രാപോളിൽ ഇന്ന് ട്രക്കുകൾ കടത്തിവിടും.