തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലിഫ്റ്റില്‍ രോഗി 42 മണിക്കൂര്‍ കുടുങ്ങിയ സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് ഹാജരാക്കിയ റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ്. അലക്‌സാണ്ടര്‍ തോമസ്. ജൂലൈ 13ന് ഉച്ചക്ക് 12ന് ലിഫ്റ്റില്‍ അകപ്പെട്ട രോഗിയെ പുറത്തേക്കിറക്കിയ സമയവും തീയതിയും രേഖപ്പെടുത്താതെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച രീതി ശരിയായ നടപടിയല്ലെന്നും ഇത് ഗൗരവമായി കാണുമെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.
രവീന്ദ്രന്‍ നായര്‍ എന്ന രോഗിയെ ലിഫ്റ്റില്‍ നിന്നും ഇറക്കിയ സമയവും തീയതിയും വ്യക്തമാക്കി ഒരു തുടര്‍ റിപ്പോര്‍ട്ട് 10 ദിവസത്തിനകം സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കി. രവിന്ദ്രന്‍ നായരെ രക്ഷപ്പെടുത്തിയെന്ന് പറയുന്ന ജൂലൈ 14 ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളും പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കണം. അന്ന് ലിഫ്റ്റ് ഓപ്പറേറ്റര്‍മാരുടെ സേവനം ലഭ്യമായിരുന്നോ എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
ജൂലൈ 13 ന് അസ്ഥിരോഗ വിഭാഗത്തിലെത്തിയ രവീന്ദ്രന്‍ നായര്‍ (59) പരിശോധനാ ഫലം ഡോക്ടറെ കാണിക്കാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് ലിഫ്റ്റില്‍ കുരുങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നാലടി മുകളിലേക്ക് കയറുമ്പോള്‍ ലിഫ്റ്റ് നില്‍ക്കുകയും രോഗി അലാറം അടിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ലെന്നും ആശുപത്രി സൂപ്രണ്ട് പറയുന്നു. ലിഫ്റ്റിന്റെ വാതിലുകള്‍ക്കിടയിലൂടെയുള്ള ഭാഗത്ത് നിന്നും വെളിച്ചവും ഓക്‌സിജനും കിട്ടിയതുകൊണ്ട് രോഗി അബോധാവസ്ഥയിലേക്ക് പോയില്ല. എന്നാല്‍ രോഗിക്ക് പകലെന്നോ രാത്രിയെന്നോ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യം വന്നു ചേര്‍ന്നു.
പ്രാഥമികാവശ്യങ്ങള്‍ പോലും ലിഫ്റ്റില്‍ തന്നെ നടത്തിയ നിലയിലാണ് രോഗിയെ രക്ഷപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒ.പി ലിഫ്റ്റിന്റെ ചുമതലയുണ്ടായിരുന്ന മുരുകന്‍, കെ.എസ്. ആദര്‍ശ്, മേല്‍നോട്ട ചുമതലയുള്ള ഡ്യൂട്ടി സാര്‍ജന്റ് രജീഷിനെയും തല്‍ക്കാലം സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തി വിശദമായ അന്വേഷണം നടത്താന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ ചുമതലപ്പെടുത്തിയിട്ടിണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇലക്ട്രിക്കല്‍ വിങ്ങ് എ.ഇ, എസ്റ്റേറ്റ് ഓഫീസര്‍, നഴ്‌സിംഗ് ഓഫീസര്‍, ഒമേഗ എലിവേറ്റേഴ്‌സ് എന്നിവരെ ഉള്‍പ്പെടുത്തി പ്രിന്‍സിപ്പല്‍ തലത്തില്‍ യോഗം കൂടാനും വിശദമായി തുടര്‍ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
CONTENT HIGHLIGHTS;Patient stuck in lift incident: Human Rights Commission says report is incomplete