മെഡിക്കൽ കോളേജ് ക്യാമ്പസിനുള്ളിലുള്ള ഉറവകളിലേതടക്കം കെട്ടിക്കിടക്കുന്ന വെള്ളം കുളിക്കുന്നതിനും വസ്ത്രം അലക്കുന്നതിനും മറ്റും ഉപയോഗിക്കുന്നത് മെഡിക്കൽ കോളേജ് അധികൃതർ വിലക്കി. നഗരപരിധിയിൽ അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിലാണ് മുന്നറിയിപ്പ് നൽകുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾക്കും ഈ വെള്ളം ഉപയോഗിക്കരുത്.
ക്യാമ്പസിൽ പുറമേ നിന്നുള്ള മാലിന്യനിക്ഷേപവും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മാലിന്യമുക്ത ആശുപത്രി, മാലിന്യമുക്ത പരിസരം എന്ന ആശയം മുൻനിർത്തി ക്യാമ്പസിലാകെ ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. അനധികൃത പോസ്റ്റർ പതിക്കലും നിരോധിച്ചിട്ടുണ്ട്.
ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ ലിനറ്റ് ജെ മോറിസ് അറിയിച്ചു.