ന്യൂഡല്‍ഹി: പ്രക്ഷോഭത്തെത്തുടർന്ന് രാജിവെച്ച് ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എന്ന് രാജ്യംവിടും എന്നതില്‍ മൗനം പാലിച്ച് വിദേശകാര്യമന്ത്രാലയം. ഷെയ്ഖ് ഹസീനയുടെ തീരുമാനം എന്തെന്ന് പ്രതികരിക്കുന്നില്ലെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമ്മിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ ടെലിഫോണിൽ ചർച്ച നടത്തി. ബംഗ്ളാദേശിലെ സാഹചര്യം ചർച്ച ചെയ്തു എന്ന് എസ് ജയശങ്കർ അറിയിച്ചു.
ബംഗ്ളാദേശിൽ എത്രയും വേഗം സമാധാനം പുനസ്ഥാപിക്കാൻ നടപടി വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ബംഗ്ളാദേശിലെയുും ഇന്ത്യയിലെയും ജനങ്ങളുടെ താല്പര്യത്തിന് പ്രാമുഖ്യം നൽകുന്ന നയമാണ് ഇക്കാര്യത്തിലുള്ളതെന്നും രൺധീർ ജയ്സ്വാൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ബംഗ്ലാദേശിലെ സംഭവവികാസങ്ങളെക്കുറിച്ച് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ യു.കെ വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ടുചെയ്തു. പശ്ചിമ ഏഷ്യയിലേയും ബംഗ്ലാദേശിലേയും കാര്യങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു. എന്നാൽ, ഹസീനയുടെ അടുത്ത നടപടിയെക്കുറിച്ച് ഇന്ത്യക്കോ യു.കെയ്ക്കോ നിലവിൽ വിവരങ്ങളൊന്നുമില്ല. തത്ക്കാലത്തേക്ക് മാത്രമാണ് ഹസീന ഇന്ത്യയിലേക്ക് വരാനുള്ള അനുമതി തേടിയതെന്ന് എസ്. ജയ്ശങ്കർ നേരത്തെ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.
നേരത്തെ, താത്കാലിക അഭയം തേടുന്നതിന് ഇമിഗ്രേഷൻനിയമം അനുവദിക്കുന്നില്ലെന്നും അഭയം തേടുന്ന വ്യക്തികൾ അവർ ആദ്യമെത്തുന്ന സുരക്ഷിതരാജ്യത്ത് തുടരണമെന്നും ബ്രിട്ടൻ നയം വ്യക്തമാക്കിയിരുന്നു.