തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ നാളെ ജനകീയ തെരച്ചില്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെ കൂടി ഉള്‍പ്പെടുത്തിയാണ് തെരച്ചില്‍ നടത്തുക.
ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരില്‍ 190 പേര് തിരച്ചലില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജനപ്രതിനിധികള്‍, എന്‍.ഡി.ആര്.എഫ്, പൊലിസ്, ഫയര്‍ഫോഴ്സ്, റവന്യൂ സംഘത്തിനൊപ്പം ഇവരും തിരച്ചലില്‍ പങ്കാളികളാവും.
ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെ തെരച്ചിലില്‍ പങ്കെടുപ്പിക്കുന്നതിനായി വാഹനങ്ങളില്‍ എത്തിക്കും. സുരക്ഷാ ഉദ്യോഗസ്ഥരുടെയും തെരച്ചില്‍ സംഘങ്ങളുടെയും കൂടെയായിരിക്കും ഇവരെ ദുരന്തമുണ്ടായ സ്ഥലങ്ങളിലേക്ക് അയയ്ക്കുക.
ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളെ ആറു മേഖലകളിലായി തിരിച്ചാണ് തെരച്ചില്‍. ദുരന്തത്തിന് ഇരയായവരെ സ്ഥലത്ത് എത്തിച്ച് തെരച്ചിൽ നടത്തുന്നതിലൂടെ ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന അവസാനവട്ട ശ്രമമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.
രാവിലെ തുടങ്ങി വൈകിട്ട് വരെ തിരച്ചില്‍ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കാരണം 11 മണിക്ക് അവസാനിപ്പിക്കും. ആവശ്യമെങ്കില്‍ മറ്റൊരു ദിവസം ജനകീയ തിരച്ചില്‍ തുടരുമെന്നും മന്ത്രി അറിയിച്ചു. നിലവില്‍ ദുരന്തത്തില്‍ കാണാതായവരുടെ പട്ടികയില്‍ 131 പേരാണുള്ളത്. ഇവരില്‍ കൂടുതല്‍ പേരും പുഞ്ചിരിമട്ടം, മുണ്ടക്കൈ, സ്കൂള്‍ റോഡ് ഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നും മന്ത്രി പറഞ്ഞു.