ധാക്ക: ബംഗ്ലാദേശിൽ നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ 15 അംഗ ഇടക്കാല മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ച് രാജ്യംവിടുകയും പാർലമെന്റ് പിരിച്ചുവിടുകയും ചെയ്തതിന് പിന്നാലെ നടന്ന ചർച്ചകൾക്കൊടുവിലാണ് ഇടക്കാല മന്ത്രിസഭ നിലവിൽവന്നത്.
‘ഭരണഘടനയെ ഉയർത്തിപ്പിടിക്കുകയും പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യും, എൻ്റെ കടമകൾ ആത്മാർത്ഥമായി നിർവഹിക്കും’. സത്യപ്രതിജ്ഞാ ചടങ്ങിൽ യൂനുസ് പറഞ്ഞു.
സാലിഹ് ഉദ്ദീൻ അഹമ്മദ്, ഡോ. ആസിഫ് നസ്രുൾ, ആദിലുർ റഹ്മാൻ ഖാൻ, ഹസൻ ആരിഫ്, തൗഹിദ് ഹുസൈൻ, സൈദ റിസ്വാന ഹസൻ, എം ഡി നഹിദ് ഇസ്ലാം, ആസിഫ് മഹ്മൂദ്, ബ്രിഗേഡിയർ ജനറൽ (റിട്ട) എം സഖാവത് ഹുസൈൻ, സുപ്രദീപ് ചക്മ, ഫരീദ അക്തർ, ബിദാൻ രഞ്ജൻ റോയ്, എ എഫ് എം ഖാലിദ് ഹസൻ, നൂർജഹാൻ ബീഗം, ഷർമിൻ മുർഷിദ്, ഫാറൂഖ്-ഇ-അസം എന്നിവരാണ് മന്ത്രിസഭാംഗങ്ങൾ.
വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ശൈഖ് ഹസീന രാജിവെച്ച് രാജ്യം വിട്ട സാഹചര്യത്തിലാണ് ഇടക്കാല സർക്കാർ ചുമതലയേൽക്കുന്നത്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല മന്ത്രിസഭയെന്ന ആവശ്യം വിദ്യാർഥി നേതാക്കൾ രാഷ്ട്രപതി മുഹമ്മദ് ശഹാബുദ്ദീൻ മുമ്പാകെ വെക്കുകയും അദ്ദേഹം അംഗീകരിക്കുകയുമായിരുന്നു. സൈനിക മേധാവി വാഖിറുസ്സമാന്റെ പിന്തുണയും തീരുമാനത്തിനുണ്ട്.
ചികിത്സാപരമായ ആവശ്യങ്ങൾക്ക് വിദേശത്തായിരുന്ന യൂനുസ് പാരീസിൽ നിന്ന് ധാക്കയിൽ തിരിച്ചെത്തി മണിക്കൂറുകൾക്കുള്ളിലാണ് സത്യപ്രതിജ്ഞ ചെയ്തത്. പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ അദ്ദേഹത്തിൻ്റെ ഔദ്യോഗിക വസതിയായ ബംഗഭബനിൽ സത്യവാചകം ചൊല്ലിക്കൊടുത്തു.
പ്രധാനമന്ത്രിക്ക് തുല്യമായ മുഖ്യ ഉപദേശകനെന്ന പദവിയായിരിക്കും മുഹമ്മദ് യൂനുസ് വഹിക്കുക. പാരിസിലായിരുന്ന മുഹമ്മദ് യൂനുസ് സ്ഥാനമേറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് 2.10ന് ധാക്കയിലെത്തിയ അദ്ദേഹത്തെ വിമാനത്താവളത്തിൽ സൈനിക മേധാവിയും വിദ്യാർഥി നേതാക്കളും ചേർന്ന് സ്വീകരിച്ചു. ഹസീനക്കെതിരായ പ്രക്ഷോഭം ഫലപ്രാപ്തിയിലെത്തിച്ച വിദ്യാർഥി നേതാക്കൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.
രാജ്യം രണ്ടാം സ്വാതന്ത്ര്യമാണ് നേടിയതെന്നും അത് നിലനിർത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അക്രമവും കൊലയും കൊള്ളിവെപ്പും അവസാനിപ്പിച്ച് രാജ്യത്ത് ക്രമസമാധാനം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്കായിരിക്കും ആദ്യ പരിഗണന. ന്യൂനപക്ഷങ്ങൾക്കും ന്യൂനപക്ഷ സ്ഥാപനങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിനുള്ള പ്രവർത്തനം നടത്തിയതിന് 2006 ൽ 83 കാരനായ മുഹമ്മദ് ഷഹാബുദ്ദീന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിരുന്നു.
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഹമ്മദ് യൂനുസിനെ അഭിനന്ദിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. രാജ്യം സാധാരണഗതിയിലേക്ക് എത്രയും പെട്ടന്ന് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഹിന്ദു അടക്കമുള്ള എല്ലാ ന്യൂനപക്ഷ സമുദായങ്ങളുടെയും സുരക്ഷ ഉറപ്പാക്കുമെന്ന പ്രതീക്ഷയും അദ്ദേഹം ട്വീറ്റിൽ പങ്കുവച്ചു. സമാധാനം, സുരക്ഷ, വികസനം എന്നിവയ്ക്കായുള്ള ഇരു ജനങ്ങളുടെയും താത്പര്യങ്ങൾ നിറവേറ്റുന്നതിനായി ബംഗ്ലാദേശുമായി പ്രവർത്തിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും മോദി കുറിച്ചു.