Kerala

ദുരന്തബാധിതമായ മുണ്ടക്കൈയിലും ചൂരൽമലയിലും ഇന്നു ജനകീയ തിരച്ചിൽ | Mass search today in disaster-hit Mundakai and Churalmala

തിരുവനന്തപുരം: ദുരന്തബാധിതമായ വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഇന്നു ജനകീയ തിരച്ചിൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെ കൂടി ഉൾപ്പെടുത്തിയാകും തിരച്ചിൽ. വരും ദിവസങ്ങളിലും തിരച്ചിൽ തുടരും.

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വയനാട് സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വയനാട്ടിലേതു ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു കത്തു നൽകിയിരുന്നു. ദുരന്ത തീവ്രത പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒൻപതംഗ സമിതിയെ നിയമിച്ചിട്ടുണ്ട്. പുനരധിവാസത്തിനും ടൗൺഷിപ് അടക്കമുള്ള പ്രവർത്തനങ്ങൾക്കും കേന്ദ്രസർക്കാരിൽ നിന്നുള്ള സഹായം ലഭ്യമാകുമെന്നാണു പ്രതീക്ഷ.

ദുരന്തബാധിതർക്കു വീടുകൾ നിർമിച്ചു നൽകാൻ ഒട്ടേറെപ്പേർ രംഗത്തുവന്നിട്ടുണ്ട്. സർക്കാർ പൊതുനിലപാട് സ്വീകരിച്ചശേഷം ഇവരുമായി ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ 225 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ലഭിച്ച ശരീര ഭാഗങ്ങളുടെ എണ്ണം മരിച്ചവരുടെ എണ്ണമായി പറയുന്നതു ശാസ്ത്രീയമായി ശരിയല്ല. കണ്ടെടുക്കുന്ന ശരീരഭാഗങ്ങൾ 90 ശതമാനമോ, അതിനു മുകളിലോ ഉണ്ടെങ്കിൽ അത് ഒരു മൃതദേഹമായി കണക്കാക്കുന്നതാണു രീതി. ഡിഎൻഎ പരിശോധനാ ഫലം വന്ന ശേഷം മാത്രമേ മൃതദേഹങ്ങളുടെ കൃത്യമായ എണ്ണം കണക്കാക്കാനാവൂ.