പാരീസ്: പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യൻ താരം നീരജ് ചോപ്രക്ക് വെള്ളിമെഡൽ. രണ്ടാം റൗണ്ടില്‍ 89.45 മീറ്റർ എറിഞ്ഞാണ് നീരജ് രരണ്ടാം സ്ഥാനത്തേക്കു കുതിച്ചത്. ഇന്ത്യൻ താരത്തിന്റെ സീസണിലെ മികച്ച പ്രകടനമാണിത്. പക്ഷേ 90 90 മീറ്ററെന്ന സ്വപ്ന ദൂരത്തിലെത്താൻ ഇന്ത്യൻ താരത്തിനു സാധിച്ചില്ല. ടോക്കിയോയിൽ സ്വർണം നേടിയ നീരജിന് പാരീസിൽ സ്വർണതിളക്കമുള്ള വെള്ളിയാണ് നേടാനായത്. ഒളിമ്പിക്‌സ് റെക്കോർഡ് തകർത്ത പ്രകടനം നടത്തിയ പാകിസ്താൻ താരം അർഷാദ് നദീമിനാണ് സ്വർണം. 92.97 മീറ്ററാണ് നദീം എറിഞ്ഞത്. ഗ്രാനഡയുടെ ആൻഡേഴ്‌സണാണ് വെങ്കലം.
മെഡൽ നേട്ടത്തോടെ ഇന്ത്യക്കായി രണ്ട് ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന അഞ്ചാമത്തെ താരമായി നീരജ് മാറി. ആദ്യ ശ്രമം ഫൗളായ പാക് താരം അർഷാദ് നദീം രണ്ടാം ശ്രമത്തിൽ 92.97 മീറ്റർ എറിഞ്ഞ് ഒളിമ്പിക് റെക്കോർഡ് സ്വന്തമാക്കി. 2008ൽ ബെയ്ജിങിൽ നോർവെയുടെ ആന്ദ്രെസ് തോർകിൽഡൻ കുറിച്ച 90.57 മീറ്ററിന്റെ റെക്കോർഡാണ് മറികടന്നത്. ഫൈനലിൽ ഒരു ത്രോ മാത്രമാണ് നീരജീന് എറിയാനായത്. മറ്റു അഞ്ച് ശ്രമങ്ങളും ഫൗളിൽ കലാശിച്ചു.