ഒരു മുറിയില്‍ രണ്ട് കുട്ടികളുടേതുള്‍പ്പെടെ നാല് മൃതദേഹങ്ങളുടെ വേദനാജനകമായ ദൃശ്യങ്ങള്‍ കാണിക്കുന്ന 28 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എല്ലാ ശരീരങ്ങളിലും കഴുത്തില്‍ കുരുക്കുകള്‍ ഉണ്ട്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളുടെ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന ബംഗ്ലാദേശിലെ അഭൂതപൂര്‍വമായ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, ഇസ്ലാമിക തീവ്രവാദികള്‍ മത വിദ്വേഷ കുറ്റകൃത്യത്തില്‍ ഹിന്ദു കുടുംബത്തെ കൊലപ്പെടുത്തിയെന്ന അവകാശവാദത്തോടെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിടുന്നത്.
ബംഗ്ലാദേശിലെ ‘ഇസ്ലാമിക് ജിഹാദികള്‍’ ഹിന്ദു കുടുംബത്തെ കൊന്നുവെന്ന അവകാശവാദവുമായി എക്സ് വെരിഫൈഡ് ഉപയോക്താവായ സല്‍വാന്‍ മോമിക ( @Salwan_Momika1 ) ഈ വൈറല്‍ വീഡിയോ പോസ്റ്റ് ചെയ്തു. ‘സേവ് ബംഗ്ലാദേശി ഹിന്ദുക്കളെ’ എന്ന വാചകത്തോടുകൂടിയ ഹാഷ് ടാഗും അദ്ദേഹം ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ആ വീഡിയോ എക്‌സ് ഇപ്പോള്‍ നീക്കിയിട്ടുണ്ട്. ബംഗ്ലാദേശില്‍ മുസ്ലീങ്ങള്‍ നടത്തുന്ന ‘വംശഹത്യ’യില്‍ നിന്ന് ഹിന്ദുക്കളെ രക്ഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏകദേശം 8.8 ലക്ഷം വ്യുവ്സും 12,000-ലധികം റീ-ഷെയറുകളും ഈ പോസ്റ്റിന് ലഭിച്ചു. @Sharabh_Vishnu_ എന്ന X ഉപയോക്താവും ഹിന്ദു കുടുംബത്തെ ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയെന്ന അവകാശവാദത്തോടൊപ്പം വൈറല്‍ ക്ലിപ്പ് പോസ്റ്റ് ചെയ്തു. ബംഗ്ലാദേശില്‍ ഒരു ഹിന്ദു കുടുംബത്തിലെ നാല് അംഗങ്ങളെ മുസ്ലീങ്ങള്‍ കൊലപ്പെടുത്തിയെന്ന് വിവിധ ഉപയോക്താക്കള്‍ ആരോപിച്ചുകൊണ്ട് ഇത്തരം അവകാശവാദങ്ങള്‍ ഫേസ്ബുക്കിലും വൈറലാണ്.
സത്യാവസ്ഥ എന്താണ്;
ഗൂഗിളില്‍ നടത്തിയ പരിശോധനയില്‍ ഇത് 2024 ജൂലൈ 28 ലെ ബംഗ്ലാദേശി ദിനപത്രമായ ദൈനിക് ഇറ്റെഫാക്കിന്റെ ഒരു വാര്‍ത്താ റിപ്പോര്‍ട്ടിലേക്ക് എത്താന്‍ സാധിച്ചു. ബ്രാഹ്‌മന്‍ബാരിയയിലെ നബിനഗര്‍ ഉപസിലയിലെ ബിജോയ്പാറയില്‍ ഒരു കുടുംബത്തിലെ നാല് അംഗങ്ങളും തൂങ്ങി മരിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. , ബംഗ്ലാദേശ്. ജൂലൈ 28ന് രാവിലെ 10.30 ഓടെ അയല്‍വാസികളാണ് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്, അവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മരിച്ചവര്‍ സൊഹാഗ് മിയ, ജന്നത്തുല്‍ ബീഗം, അവരുടെ രണ്ട് മക്കളായ ഫാരിയ, ഫാഹിമ എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. സൊഹാഗ് മിയ എന്ന ചെറുകിട വ്യവസായി കനത്ത കടക്കെണിയിലായതിനാല്‍ ആത്മഹത്യയാണെന്ന് അയല്‍വാസികള്‍ പറയുന്ന മറ്റൊരു വാര്‍ത്താ റിപ്പോര്‍ട്ട് കണ്ടെത്താന്‍ സാധിച്ചു. എന്നിരുന്നാലും, സാഹചര്യത്തെളിവുകളും മൃതദേഹങ്ങള്‍ കണ്ടെത്തിയ രീതിയും സൊഹാഗ് കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് സൂചിപ്പിക്കുന്നതെന്ന് പ്രാദേശിക പോലീസ് ഓഫീസര്‍ മുഹമ്മദ് സഖാവത്ത് പറഞ്ഞതായി ബംഗാളി ദിനപത്രമായ കാലര്‍ കാന്തോയിലെ ഒരു റിപ്പോര്‍ട്ട് പറയുന്നു.
ഒരു YouTube ചാനലിലും ജൂലൈ 28 ഇതു സംബന്ധിച്ച വാര്‍ത്ത കാണാന്‍ ഇടയായി. ബംഗ്ലാദേശില്‍ ഒരേ കുടുംബത്തിലെ നാല് പേരെ തൂക്കിലേറ്റിയ അതേ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് വാര്‍ത്തയില്‍. സത്യാവസ്ഥ എന്തെന്നാല്‍ ജൂലൈ 28 ന് ബംഗ്ലാദേശിലെ ബ്രാഹ്‌മണ്‍ബാരിയയില്‍ ഒരു മുസ്ലീം കുടുംബത്തിലെ നാല് പേരെ അവരുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിന്നാണ് വൈറലായ ദൃശ്യങ്ങള്‍. ബംഗ്ലാദേശില്‍ ഒരു ഹിന്ദു കുടുംബത്തെ മുസ്ലീങ്ങള്‍ കൊലപ്പെടുത്തിയെന്ന തെറ്റായ അവകാശവാദത്തോടെയാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്.
Content Highlights; What is the truth of the video circulating with the claim that a Hindu family was killed in Bangladesh