ക്ഷേത്രങ്ങള്‍ക്ക് പേരുകേട്ട നാടാണ് കര്‍ണാടക. അതിഗംഭീരമായ നിരവധി ക്ഷേത്രങ്ങള്‍ കര്‍ണാടക സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുണ്ട്. ഇവയില്‍ മിക്കതും പേരുകേട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കൂടിയാണ്. കര്‍ണാടകയെ ശരിക്കുമൊരു ടൂറിസ്റ്റ് കേന്ദ്രമാക്കുന്നത് ഇവിടെയുള്ള ചില ക്ഷേത്രങ്ങള്‍ തന്നെയാണ്. അത്തരത്തിലുള്ള ഒരു ക്ഷേത്രമാണ് മുരുഡേശ്വരിലെ പ്രശസ്തമായ മുരുഡേശ്വര ശിവക്ഷേത്രം. ഉത്തര കന്നഡ ജില്ലയിലെ ഭട്കല്‍ താലൂക്കില്‍ സ്ഥിതി ചെയ്യുന്ന മുരുഡേശ്വരിലെ മനോഹരമായ കണ്ടുക കുന്നിലാണ് മുരുഡേശ്വര്‍ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.
മുരുഡേശ്വര്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം ഓര്‍മ്മ വരിക ഇവിടുത്തെ ഭീമാകാരനായ ശിവപ്രതിമയാണ്. ഈ പ്രതിമയ്ക്ക് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശിവപ്രതിമ എന്ന വിശേഷണവും ഉണ്ട്. നേപ്പാളിലെ കൈലാസ്‌നാഥ് മഹാദേവ് പ്രതിമയും കോയമ്പത്തൂരിലെ ആദിയോഗിയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ള പ്രതിമകള്‍. 123 അടി ഉയരമുണ്ട് ഈ പ്രതിമയ്ക്ക്.
സൂര്യപ്രകാശം പതിക്കുമ്പോള്‍ തിളങ്ങുന്ന ഇത് രണ്ടു കൊല്ലത്തെ നിരന്തരമായ പണിക്ക് ശേഷമാണ് പൂര്‍ത്തിയാക്കിയത്. ഈ ഭീമാകാരമായ ശിവന്റെ പ്രതിമ മാത്രമല്ല ഈ സൗന്ദര്യത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. അതിസങ്കീര്‍ണമായ കൊത്തുപണികള്‍ മുതല്‍ അതിസൂക്ഷ്മമായി കൊത്തിയെടുത്ത ദേവീദേവന്മാരുടെ പ്രതിമകള്‍ വരെ ഈ ക്ഷേത്രത്തിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. ഈ മനോഹരമായ ക്ഷേത്രം നിര്‍മ്മിക്കാന്‍ വിദഗ്ധരായ 200ലധികം കരകൗശല വിദഗ്ധര്‍ വേണ്ടിവന്നു. ഏകദേശം 50 ദശലക്ഷം രൂപയാണ് ഇതിന്റെ നിര്‍മ്മാണത്തിനായി ചെലവഴിച്ചത്.
മൂന്നു വശവും കടലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇടം എന്ന നിലയിലും മുരുഡേശ്വര്‍ ഏറെ പ്രസിദ്ധമാണ്. ഇവിടെ കുന്നിന്‍ മുകളില്‍ നിന്നുള്ള കടല്‍ക്കാഴ്ചകളും പിന്നെ കടല്‍ത്തീരവും വിശ്വാസികളെ മാത്രമല്ല, വിനോദ സഞ്ചാരികളേയും ഇവിടേക്ക് ആകര്‍ഷിക്കുന്നു. കന്ദുകഗിരി കുന്ന് എന്നാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇടം അറിയപ്പെടുന്നത്. ഐതിഹ്യങ്ങള്‍ അനുസരിച്ച്, അമര്‍ത്യനാകാനുള്ള ശ്രമത്തില്‍ രാവണന്‍ ശിവനെ തപസ്സ് ചെയ്ത് തനിക്ക് ഒരു ആത്മലിംഗം വരമായി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു.
രാവണന്റെ ഭക്തിയില്‍ ആകൃഷ്ടനായ പരമശിവന്‍ ഭൂമിയില്‍ സൂക്ഷിക്കരുതെന്ന വ്യവസ്ഥയില്‍ ഒരു ആത്മലിംഗം രാവണന് നല്‍കി. ആത്മലിംഗവുമായി ലങ്കയിലേക്ക് മടങ്ങുകയായിരുന്ന രാവണനെ ഗണപതി കൗശലത്തില്‍ തടഞ്ഞു. മണ്ണിലുറഞ്ഞ ശിവലിംഗത്തെ വലിച്ചുയര്‍ത്താനുള്ള ശ്രമത്തിനിടെ അത് പല കഷണങ്ങളായി മുറഞ്ഞു. അതില്‍ ഒരു ഭാഗം വീണ സ്ഥലമാണ് മുരുഡേശ്വരം എന്നാണ് ഐതിഹ്യം.
ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍ പുരുഷന്മാര്‍ പരമ്പരാഗത വസ്ത്രങ്ങളായ ധോതി അല്ലെങ്കില്‍ മുണ്ടുകള്‍ ധരിക്കണമെന്ന് പറയപ്പെടുന്നു. സ്ത്രീകള്‍ സാരികള്‍, സല്‍വാര്‍ കമീസ് അല്ലെങ്കില്‍ തോളും കാലുകളും മറയ്ക്കുന്ന പരമ്പരാഗത വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കണം. രാവിലെ 5:00 മുതല്‍ 1:30വരെ ക്ഷേത്രം സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നു. വൈകുന്നേരം ക്ഷേത്രം 3:00ന് വീണ്ടും തുറക്കുന്നു, രാത്രി 8:00 മണി വരെ പ്രവേശനം ഉണ്ടായിരിക്കും.ഉത്സവ സമയങ്ങളിലോ പ്രത്യേക അവസരങ്ങളിലോ ക്ഷേത്ര സമയക്രമം വ്യതിയാനങ്ങള്‍ക്ക് വിധേയമായേക്കാം.
STORY HIGHLIGHTS: Murudeshwar Temple Karnataka