മുല്ലപ്പൂ ഇഷ്ടമില്ലാത്ത ആളുകൾ വളരെ കുറവായിരിക്കും അല്ലേ… എവിടെയെങ്കിലും കുറച്ചു മുല്ലപ്പൂ കണ്ടു കഴിഞ്ഞാൽ ഒരെണ്ണം പൊട്ടിച്ച് മണപ്പിച്ചു മുടിയിൽ തിരുകുന്ന പതിവ് എല്ലാവർക്കും ഉണ്ടാകും. മുല്ലപ്പൂക്കളുടെ മണം മാനസിക ഉന്മേഷം നൽകുന്നതുകൊണ്ടുതന്നെ ഉടനടി റിഫ്രഷ്‌മെന്റ് അനുഭവപ്പെടും.
പൂക്കളുടെ രാജ്ഞി എന്നൊക്കെ തന്നെയാണ് മുല്ലപ്പൂവിനെ പണ്ട് മുതൽ തന്നെ വിളിക്കുന്നത്. ഇവയുടെ മണം കൊണ്ട് മാത്രമല്ല ഇവ ആരോഗ്യ ഗുണങ്ങൾ കൂടി നൽകുന്ന ഒന്നാണെന്നാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറ്റെച്ചിൻ, എപികാടെച്ചിൻ തുടങ്ങിയ ശക്തമായ ആൻ്റിഓക്‌സിഡൻ്റുകൾ മുല്ലപ്പുക്കളിൽ അടങ്ങിയിട്ടുണ്ട്. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കും. മുല്ലപ്പൂ ചായ ഡയറ്റിൽ ഇടയ്ക്കിടെ ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
മുല്ലപ്പൂക്കളുടെ മറ്റ് ആരോഗ്യഗുണങ്ങൾ അറിഞ്ഞാലോ?
1. ദഹനം മെച്ചപ്പെടുത്തുന്നു
മുല്ലപ്പൂവിൽ അടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ ഗ്യാസ്ട്രിക് എൻസൈമുകളുമായി ബന്ധപ്പെടാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. അതിലൂടെ വായു സംബന്ധമായ പ്രശ്നങ്ങൾ, വയറുവേദന, വയറിളക്കം, ഇറിറ്റബിൾ ബവൽ സിൻഡ്രോം തുടങ്ങിയവ ഒഴിവാക്കാൻ സഹായിക്കും. കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് നല്ലതാണ്. കൂടാതെ ശരീരത്തിൽ നിന്ന് ദോഷകരമായ ബാക്ടീരിയകളെയും എഎംഎ വിഷവസ്തുക്കളെയും ഇല്ലാതാക്കുകയും ചെയ്യും.
2. ഹൃദയാരോഗ്യം
ധാരാളം ആന്റി-ഓക്സിഡന്റുകൾ അടങ്ങിയ മുല്ലപ്പൂക്കൾ ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. ആൻറി-കോഗുലൻ്റ്, ആൻറി-ഫൈബ്രിനോലിറ്റിക് ഗുണങ്ങളുടെ സാന്നിധ്യം കൊളസ്ട്രോൾ കുറയ്ക്കുകയും അസാധാരണമായ ഹൃദയ താളം, ഹൃദയാഘാതം അല്ലെങ്കിൽ രക്തപ്രവാഹത്തിന് കാരണമാകുന്ന ധമനികളിൽ കട്ടപിടിക്കുന്നത് തടയുകയും ചെയ്യുന്നു.
3. ശരീരഭാരം
ശരീരഭാരം നിയന്ത്രിക്കാനും മുല്ലപ്പൂക്കൾ സഹായിക്കും. മുല്ലയിലകളിൽ അടങ്ങിയ എപിഗല്ലോകാടെച്ചിൻ, ഗാലിക് ആസിഡ് എന്നിവ മെറ്റബോളിസത്തെ വേഗത്തിലാക്കി ശരീരഭാരം നിയന്ത്രിക്കും. കൂടാതെ ശരീരത്തിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ ഒഴിവാക്കുകയും അധിക കൊഴുപ്പ് നീക്കാനും സഹായിക്കുന്നു.
4. തലച്ചോറിന്റെ പ്രവർത്തനം
മുല്ലപ്പൂക്കളിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളും പോളിഫെനോളുകളും തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും സെറോടോണിൻ, ഡോപാമൈൻ തുടങ്ങിയ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്ന ഹോർമോണുകളുടെ ഉൽപാദനത്തിന് സഹായിക്കും. ഇത് ഓർമശക്തി, ഏകാഗ്രത, ശാന്തത, ജാഗ്രത തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുന്നു. അതിനാൽ മുല്ലപ്പൂക്കളെ മസ്തിഷ്ക ബൂസ്റ്ററായും കണക്കാക്കാം. വിഷാദം, ഉറക്കമില്ലായ്മ, അൽഷിമേഴ്സ്, പാർക്കിൻസൺസ് രോഗം തുടങ്ങിയവ അവസ്ഥകളെ മുല്ലപ്പൂക്കൾ വളരെ സ്വാധീനിക്കാറുണ്ട്.
5. പ്രമേഹം നിയന്ത്രിക്കുന്നു
മുല്ലപ്പൂവിൽ അടങ്ങിയ ഹൈപ്പോഗ്ലൈസെമിക് ഗുണം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ബയോ ആക്റ്റീവ് കാറ്റെച്ചിനുകളുടെ സാന്നിധ്യം മൂലം മുല്ലപ്പൂ ചായ കുടിക്കുമ്പോൾ പാൻക്രിയാറ്റിക് കോശങ്ങളിൽ നിന്നുള്ള ഇൻസുലിൻ ഉത്പാദനം സജീവമാകും. മുല്ലപ്പൂ ചായ ഇടയ്ക്കിടെ കുടിക്കുന്നത് അന്നജത്തെ ഗ്ലൂക്കോസായി വിഘടിപ്പിക്കുന്നത് ഗണ്യമായി കുറയ്ക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാൻ സഹായിക്കും.
content highlight: jasmine-flower-health-benefits