കോഴിക്കോട് താമരശ്ശേരി ചുരം നില്‍ക്കുന്നത് മൂന്ന് മലകളിലായാണ് . ഒമ്പത് കൊടിയ ഹെയർപിൻ വളവുകൾ കയറിയുമിറങ്ങിയും 14 കിലോമീറ്റർ ദൂരത്തിൽ പശ്ചിമഘട്ടത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളുടെ വിരുന്നൊരുക്കി താമരശ്ശേരി ചുരം. എന്നാൽ ഈ ചുരത്തിന് മറ്റൊരു കഥയും പറയാനുണ്ട് . കരിന്തണ്ടൻ എന്ന ആദിവാസി മൂപ്പന്റെ കഥ. വയനാട്ടിലെ ആദിവാസി ഊരുകളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ കാടിന്റെ മക്കളും ഉത്സാഹത്തോടെ പറയുന്നത് ഈ കഥയാണ് .കല്പറ്റയിലേക്കുള്ള വഴിയിൽ റോഡിന്റെ ഇടതുവശത്താണ് കരിന്തണ്ടനെ ബന്ധിച്ചിരുന്ന ചങ്ങലമരം. ശരീരം വെടിയുണ്ടകളാലും ആത്മാവ് ചങ്ങലകളാലും ബന്ധിക്കപ്പെട്ടവനായി കരിന്തണ്ടൻ അവിടെ നിലകൊള്ളുന്നു എന്നാണ് വിശ്വാസം. കരിന്തണ്ടൻതറയുടെ പിറകിലായി മൂപ്പനെ അടക്കംചെയ്ത ശ്മശാനം.
ചിപ്പിലിത്തോട് ഭാഗത്ത് പണിയ കുടുംബത്തിലാണ് കരിന്തണ്ടന്‍ ജനിച്ചത്. പതിനേഴാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ വയനാട് ചുരത്തിന്റെ അടിവാരത്ത് താമസിച്ച ഒരു സാധാരണ മണ്ണിന്‍റെ മകന്‍. താമരശ്ശേരി ചുരം നിര്‍മ്മാണത്തിന്‍റെ പുറകിലെ കേന്ദ്രബുദ്ധിയായിരുന്നു കരിന്തണ്ടൻ . അദ്ദേഹത്തിന്റെ ജീവിതവും മരണവും ഒരു വലിയ വഞ്ചനയുടെയും ചതിയുടെയും കഥയാണ്.ബ്രിട്ടീഷുകാർ കേരളം വെട്ടിപ്പിടിച്ചോണ്ടിരിക്കുന്ന കാലം. കോഴിക്കോട്ടുനിന്ന് അടിവാരം വരെയേ അവർക്ക് എത്താനായുള്ളൂ. ഉയർന്നുയർന്നു നിൽക്കുന്ന മലകൾ കണ്ട് അവർ അന്തിച്ചു. കൂടെയുണ്ടായിരുന്ന നായരാണ് കരിന്തണ്ടനെ കണ്ടുപിടിച്ചാൽ മലകയറാമെന്ന് അറിയിച്ചത്. കരിന്തണ്ടനെ അടിവാരത്തുള്ള അദ്ദേഹത്തിന്റെ ഊരായ ചിപ്പിലത്തോട്ടുനിന്ന് എങ്ങനെയോ സായിപ്പിന്റെ മുന്നിലെത്തിച്ചു. ‘എങ്കള മണ്ണു മലയു തീണ്ടിത്താകരുത്’(ഞങ്ങളുടെ മണ്ണും മലയും തീണ്ടരുത്) എന്നായി കരിന്തണ്ടൻ. തീണ്ടില്ല, ഇതുവഴി പോണം അതിന് വഴികാട്ടണമെന്ന് നായരും സായിപ്പും. കാർന്നോര് അവരെ വിശ്വസിച്ച്, അവരേംകൂട്ടി മലകേറി.
വളരെ വിചിത്രമായ രീതിയിലായില്‍ കരിന്തണ്ടന്‍ എളുപ്പത്തില്‍ കയറാവുന്ന മലമടക്കുകള്‍ മാര്‍ക്ക് ചെയ്തു സായിപ്പിന് നല്‍കിയത്. വളരെ ലളിതമായ രീതിയാണ് കരിന്തണ്ടന്‍ കാഴ്ച വെച്ചത്. അയാള്‍ ആടുമാടുകളെ പേടിപ്പിച്ചു ഓടിച്ചു. മൃഗങ്ങള്‍ വളരെ പെട്ടെന്ന് ഏറ്റവും ലളിതവും കയറ്റം താരതമ്യേന കുറഞ്ഞതും ആയ വഴികളിലൂടെ മലമുകളിലേക്ക് ഓടിക്കയറി. ദിവസങ്ങള്‍ക്കുള്ളില്‍ പാത വെട്ടാനുള്ള മാര്‍ക്കിംഗ് വിദ്യാസമ്പന്നരായ എന്ജിനീയര്‍മാരെ ലജ്ജിപ്പിച്ചു കൊണ്ട് കരിന്തണ്ടന്‍ പൂര്‍ത്തിയാക്കി.കാടിന്റെ സമൃദ്ധിയും സൗന്ദര്യവുംകണ്ട് അവർക്ക് ആർത്തിമൂത്തു.തങ്ങള്‍ പരാജയപ്പെട്ട സ്ഥലത്ത് ഒരു നാടന്‍ ആദിവാസി വളരെ നിസ്സാരമായി വിജയിച്ചത് അവരെ നാണം കെടുത്തി. കരിന്തണ്ടനാണ് വഴി മാര്‍ക്ക് ചെയ്തതെന്ന് നാളെ പുറം ലോകം അറിയാതിരിക്കാന്‍ അവര്‍ കരിന്തണ്ടനെ വകവരുത്താന്‍ തീരുമാനിച്ചു
കാര്യം കഴിഞ്ഞപ്പോൾ അവർ കാർന്നോരെ കൊല്ലാൻ നിശ്ചയിച്ചു. സായിപ്പ് കാർന്നോരെ വെടിവെച്ചെങ്കിലും വെടിയേറ്റില്ല. കാർന്നോരുടെ കൈയിലെ മാന്ത്രികവളയായിരുന്നു കാരണം. ഉറങ്ങുമ്പോഴും കുളിക്കുമ്പോഴുംമാത്രം ഊരിവെക്കാറുള്ള ആ മാന്ത്രികവള ഒരു ദിവസം നായര് ഒളിച്ചിരുന്ന് എടുത്തുമാറ്റി. ആ സമയത്ത് സായിപ്പ് കാർന്നോരെ വെടിെവച്ചുകൊന്നു. ചുരംകയറാനുള്ള വഴി കാണിച്ചുകൊടുത്ത കാർന്നോരെ അവർ ചതിച്ചുകൊല്ലുകയായിരുന്നു.’ പതുക്കെ പതുക്കെ നാട്ടുകാരായ തൊഴിലാളികളില്‍ നിന്നും ജനം സത്യമറിഞ്ഞുവെങ്കിലും പിന്നോക്കക്കാരായ പണിയ വിഭാഗത്തിനു അന്നത്തെക്കാലത്ത് ഒരു ബ്രിട്ടീഷ്കാര്നെതിരെ എന്ത് ചെയ്യാന്‍ കഴിയും…? കടുത്ത ജാതി ചിന്തയും അനാചാരവും കൊടി കുത്തി വാണ കാലമായതു കൊണ്ട് മറ്റു നാട്ടുകാരും കരിന്തണ്ടനു വേണ്ടി സംസാരിച്ചില്ല. അങ്ങനെ പതുക്കെ പതുക്കെ കരിന്തണ്ടന്‍ വിസ്മൃതിയിലാണ്ടു.
ബ്രിട്ടീഷ്‌കാർക്ക് വയനാട്ടിലെ സുഗന്ധവസ്തുക്കൾ കൊണ്ടുപോകാനും മൈസൂരിലേക്ക് പോകാനുമായിരുന്നു റോഡ്. പക്ഷേ, ചുരംവഴി പോകുന്ന കാളവണ്ടികൾ അഗാധഗർത്തങ്ങളിലേക്ക് മറിഞ്ഞുവീണു. പിന്നെപ്പിന്നെ വാഹനങ്ങളിൽ പോകുന്നവരും അപകടപ്പെട്ടു. കവടിനിരത്തി പ്രശ്നം വെച്ചപ്പോഴാണ് കരിന്തണ്ടന്റെ ആത്മാവാണ് ഇതൊക്കെചെയ്യുന്നത് എന്നറിഞ്ഞത്. ഒടുവിൽ പ്രേതത്തെ ആവാഹിച്ച് ബന്ധിക്കണമെന്ന് പ്രശ്നവിധിയുണ്ടായി. അങ്ങനെ ഒരു മഹാമന്ത്രവാദിയുടെ സഹായത്തോടെ കാർന്നോരുടെ ആത്മാവിനെ ഇരുമ്പുചങ്ങലയിൽ തളച്ചു.മഹാശക്തിയുള്ള ആത്മാവായിരുന്നു കരിന്തണ്ടൻ . അതുകൊണ്ട് ഓടത്തണ്ടിൽ ആവാഹിച്ചിരുത്തി ഇവിടെ കൊണ്ടുവന്ന് ചങ്ങലമരത്തിന്മേൽ ബന്ധനസ്ഥനാക്കി. കരിന്തണ്ടൻ തറയെന്ന ഈ മരം മാത്രമാണിപ്പോള്‍ ഭൂമിയില്‍ കരിന്തണ്ടനു ഉള്ള സ്മാരകം.കാടിന്റെ മക്കളുടെ മനസ്സിൽ തങ്ങളുടെ വംശമഹിമയിൽനിന്ന് കണ്ടെത്താവുന്ന ഏറ്റവും ഉജ്ജ്വലമായ ഒരു വീരരൂപമായി കരിന്തണ്ടൻ ഇന്നും ജീവിക്കുന്നു.
STORY HIGHLLIGHTS: Features of Thamarassery Churam