അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച് ഒരാഴ്ച പിന്നിട്ടിട്ടും രോഗത്തിന്‍റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്. രോഗികളുടെ ആരോഗ്യനിലയിൽ പുരോഗതി കണ്ടതോടെ ഉറവിടത്തെ കുറിച്ചുള്ള അന്വേഷണം നീണ്ടുപോകുന്നു. നെല്ലിമൂട് സ്വദേശികൾക്ക് രോഗം പകർന്നു എന്ന് സംശയിക്കുന്ന കുളത്തിൽ നിന്നുള്ള സാമ്പിളുകൾ ഇനിയും വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടില്ല. നേരത്തെ പ്രാഥമിക പരിശോധനയിൽ കുളത്തിലെ സാമ്പിൾ നെഗറ്റീവ് ആയിരുന്നു.
ഒരു മരണം ഉൾപ്പെടെ ഒമ്പത് കേസുകൾ തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നെയ്യാറ്റിൻകര സ്വദേശികളായ എട്ടുപേരും പേരൂർക്കട സ്വദേശിയുമാണ് രോഗബാധിതർ. ഒരു പ്രദേശത്ത് ഇത്രയും പേർക്ക് രോഗം കണ്ടെത്തുന്നത് അപൂർവമായിരുന്നിട്ടും രോഗ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ എങ്ങും എത്തിയിട്ടില്ല. കണ്ണറവിളയിൽ എട്ടുപേർക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നതിന് കാരണമായ കാവിൻകുളത്തിലെ വെള്ളം പരിശോധിച്ചെങ്കിലും പാരസൈറ്റിന്റെ സാന്നിധ്യം കണ്ടെത്താനാവാത്തത് തിരിച്ചടിയായി.
ഈ മാസം അഞ്ചിനാണ് വെള്ളത്തിൽ അമീബയുടെ സാന്നിധ്യം ഇല്ലെന്ന് ഫലം വന്നത്. പേരൂർക്കട സ്വദേശിയുടെ രോഗ ഉറവിടവും കണ്ടെത്തിയിട്ടില്ല. ജലാശയത്തിൽ കുളിക്കുമ്പോൾ മൂക്കിലൂടെ കയറുന്ന അമീബയാണ് രോഗകാരണം. എന്നാൽ കുളത്തിലോ നദിയിലോ കുളിച്ചിരുന്നില്ല എന്നാണ് പേരൂർക്കട സ്വദേശി ഡോക്ടർമാരോട് പറഞ്ഞത്. ഐസിഎംആറിന്റെ വിദഗ്ധ സംഘത്തിൻറെ പഠനവും ഇതുവരെ ആരംഭിച്ചിട്ടില്ല. രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോഴും കുളത്തിലെ വെള്ളം വീണ്ടും പരിശോധിക്കാനാണ് തീരുമാനം. അതേസമയം ചികിത്സയിൽ ഉള്ളവരുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ട്.