Viral

ബര്‍ത്ത്ഡേ പാര്‍ട്ടിക്കിടെ തോക്ക് കൈയ്യില്‍ വെച്ച് ഡാന്‍സ് കളിച്ച സംഭവം; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍-Tihar jail official suspended

ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ജയില്‍ വകുപ്പും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ന്യൂഡല്‍ഹി: ഡല്‍ഹി തിഹാര്‍ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടായ ദീപക് ശര്‍മ്മയുടെ ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഒരു സ്വകാര്യ ജന്മദിന പാര്‍ട്ടിയില്‍ തന്റെ തോക്ക് എടുത്ത്, ഓഫീസര്‍ എതിരെ നില്‍ക്കുന്ന ആളുടെ നേരെ വീശുന്നതാണ് വീഡിയോയില്‍ കാണുന്നത്. നിമിഷനേരം കൊണ്ടുതന്നെ വീഡിയോ വൈറലാകുകയായിരുന്നു.

ഡല്‍ഹിയിലെ ഗോണ്ട മേഖലയിലാണ് സംഭവം നടന്നത്. സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിച്ച വീഡിയോയില്‍ സഞ്ജയ് ദത്ത് അഭിനയിച്ച ഖല്‍ നായക് എന്ന ചിത്രത്തിലെ ജനപ്രിയ ബോളിവുഡ് ഗാനമായ ‘ഖല്‍ നായക് ഹൂന്‍ മൈന്‍’ എന്ന ഗാനത്തിന് ശര്‍മ്മ നൃത്തം ചെയ്യുന്നതായി കാണാം. നൃത്തം ചെയ്യുമ്പോള്‍, ശര്‍മ്മ ഒരു തോക്ക് ചൂണ്ടുന്നതും കാണാം, ഇത് വളരെ നിരുത്തരവാദപരമാണെന്നാണ് പലരും പറയുന്നത്.

വീഡിയോ വൈറലായതിന് പിന്നാലെ ഇപ്പോള്‍ ഇതാ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തിരിക്കുകയാണ് ഡിപ്പാര്‍ട്ട്മന്റ്. ദീപക് ശര്‍മയെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി തിഹാര്‍ ജയില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ‘അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ ഒരു വീഡിയോ ഡല്‍ഹി ജയില്‍ വകുപ്പിന്റെ ശ്രദ്ധയിലുംപെട്ടു. സംഭവം ശ്രദ്ധാപൂര്‍വ്വം അവലോകനം ചെയ്ത ശേഷം ഉടന്‍ നടപടിയെടുക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനിക്കുകയായിരുന്നു. നിലവില്‍ മണ്ഡോലി സെന്‍ട്രല്‍ ജയില്‍ നമ്പര്‍ 15ല്‍ പോസ്റ്റ് ചെയ്തിരിക്കുന്ന അസിസ്റ്റന്റ് സൂപ്രണ്ട് ആയ ദീപക് ശര്‍മയെ സസ്‌പെന്‍ഡ് ചെയ്യുകയാണ്’, ജയില്‍ ഉദ്യോഗസ്ഥര്‍ പ്രസ്താവനയില്‍ പറഞ്ഞു. ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ജയില്‍ വകുപ്പും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദീപക് ശര്‍മ്മ പൊതുശ്രദ്ധയില്‍ പുതിയ ആളല്ല. കുപ്രസിദ്ധമായ 200 കോടി രൂപയുടെ തട്ടിപ്പ് കേസില്‍ സുകേഷ് ചന്ദ്രശേഖറിന്റെ ബാരക്കിലെ റെയ്ഡില്‍ പങ്കെടുത്തതിന് അദ്ദേഹം മുമ്പ് ജനശ്രദ്ധ നേടിയിരുന്നു. തന്റെ പ്രൊഫഷണല്‍ ജോലിക്ക് പുറമേ, ഫിറ്റ്‌നസിനോടുള്ള താല്‍പ്പര്യത്തിന്റെ പേരിലും ശര്‍മ്മ അറിയപ്പെടുന്നു, ഇന്‍സ്റ്റാഗ്രാമില്‍ 4.4 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട് ഇദ്ദേഹത്തിന്.

STORY HIGHLIGHTS: Tihar jail official suspended after viral video shows him dancing with pistol

Latest News