ആലപ്പുഴ: ഭക്ഷ്യവിഷബാധയേറ്റ് യുവതിക്ക് ദാരുണാന്ത്യം. ആലപ്പുഴ ചേർത്തല സ്വദേശിനി ജെ ഇന്ദു (42) ആണ് മരിച്ചത്. തുമ്പച്ചെടി കൊണ്ടുള്ള തോരൻ കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്ന് ബന്ധുക്കൾ പറയുന്നു. യൂണിയൻ ബാങ്ക് റിട്ട. മാനേജർ ജയാനന്ദന്റേയും ഭാര്യ മീരാഭായിയുടെയും മകളാണ് ഇന്ദു.
വ്യാഴാഴ്‌ച രാത്രി ഇന്ദു തുമ്പ കൊണ്ടുണ്ടാക്കിയ തോരൻ കഴിച്ചെന്നും പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ചെന്നുമാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഔഷധ ചെടിയെന്ന കരുതി തുമ്പച്ചെടി പയോഗിച്ച് യുവതി തയ്യാറാക്കിയ തോരൻ കഴിച്ചത്. തുടർന്ന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ 3ന് ചേർത്തല സ്വകാര്യ ആശുപത്രിയിലും, വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് ആറരയോടെ മരണം സംഭവിക്കുകയായിരുന്നു.
ഇന്ദുവിനെ കൂടാതെ തുമ്പപ്പൂ തോരൻ കഴിച്ച പിതാവ് ജയാനന്ദനും ശാരിരിക അശ്വസ്ഥതകൾ ഉണ്ടായെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്ദുവിന്‍റെ മൃതദ്ദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി റെസ്പിറേറ്ററി മെഡിസിൻ മേധാവി ഡോ കെ വേണുഗോപാൽ. ജീവിത ശൈലി രോഗമുള്ളവർ തുമ്പ കഴിക്കുന്നത് ചിലപ്പോള്‍ അപകടകരമായി മാറുമെന്ന് ഡോക്ടർ പറഞ്ഞു. സസ്യങ്ങളിൽ നിന്നുള്ള വിഷവസ്തുക്കൾ ഹൃദ്രോഗം, പ്രമേഹം, കിഡ്നി പോലെയുള്ള ജീവിത ശൈലി രോഗങ്ങളുള്ളവർക്ക് അപകടകരമായി മാറാൻ സാധ്യതയുണ്ടെന്നും ഡോക്ടർ പറഞ്ഞു.