ന്യൂഡൽഹി: ടി.വി സോമനാഥനെ കാബിനറ്റ് സെക്രട്ടറിയായി കേന്ദ്രസർക്കാർ നിയമിച്ചു. 1987 ബാച്ച് തമിഴ്‌നാട് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. നിലവിൽ കേന്ദ്ര ധനകാര്യ സെക്രട്ടറിയാണ്. ആഗസ്റ്റ് 30ന് അധികാരമേൽക്കുന്ന സോമനാഥന് കാബിനറ്റ് സെക്രട്ടറി പദവിയിൽ രണ്ട് വർഷം കാലാവധി ലഭിക്കും.
കോർപ്പറേറ്റ് മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറി, 2015-2017 പ്രധാനമന്ത്രിയുടെ ഓഫീസിൽ ജോയിന്റ് സെക്രട്ടറി, അഡീഷണൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
നേരത്തെ തമിഴ്നാട് സർക്കാരിലും ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്. ഡെപ്യൂട്ടി സെക്രട്ടറി (ബജറ്റ്), ജോയിന്റ് വിജിലൻസ് കമ്മിഷണർ, മെട്രോവാട്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ, മുഖ്യമന്ത്രിയുടെ സെക്രട്ടറി തുടങ്ങിയ പദവികളാണ് തമിഴ്നാട്ടിൽ വഹിച്ചത്.
ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിന്റെ ആദ്യ മാനേജിങ് ഡയറക്ടറാണ്. 2011 മുതൽ 2016 വരെ ലോക ബാങ്ക് ഡയറക്ടറായി പ്രവർത്തിച്ചു. നിലവിലെ കാബിനറ്റ് സെക്രട്ടറി രാജിവ് ഗൗബയുടെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് സോമനാഥന്‍റെ നിയമനം. 2019ൽ നിയമിതനായ രാജിവ് ഗൗബ അഞ്ച് വർഷത്തെ സേവനത്തിനു ശേഷമാണ് തൽസ്ഥാനത്തുനിന്ന് പടിയിറങ്ങുന്നത്.