ശ്രീനഗർ: ജമ്മു -കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സാധാരണക്കാരൻകൂടി കൊല്ലപ്പെട്ടതോടെ മരണം മൂന്നായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുൽ റഷീദ് ദാർ എന്നയാളാണ് ഞായറാഴ്ച മരിച്ചത്.
ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ സൈനികരായ ഹവിൽദാർ ദീപക് കുമാർ യാദവ്, ലാൻസ് നായിക് പ്രവീൺ ശർമ എന്നിവർ വീരമൃത്യു വരിച്ചിരുന്നു.
അനന്ത്നാഗ് ജില്ലയിലെ ഗഗർമൻഡു വനമേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈനികരും ലോക്കൽ പൊലീസും ഉൾപ്പെടുന്ന സംയുക്ത സംഘം തിരച്ചിൽ നടത്തുമ്പോൾ ഇവർക്കുനേരെ വെടിവെപ്പുണ്ടാവുകയായിരുന്നു. നാല് സൈനികർക്കും ഒരു സാധാരണക്കാരനും പരിക്കേറ്റിട്ടുമുണ്ട്. മേഖലയിൽ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും ഭീകരരെ പിടികൂടാനുള്ള ശ്രമം നടന്നുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.