സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ യൂട്യൂബില്‍ വീഡിയോ വൈറലാകാനും വ്യൂവ്സും, സബ്സ്ക്രിപ്ഷനും ലഭിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കി വിജയിച്ചവരും പരാജയപ്പെട്ടവരുമുണ്ട്. പുതുമയെന്ന് പറഞ്ഞ് തുടങ്ങി കാര്യമായി വിഷയം കിട്ടാതെ വരുമ്പോള്‍ ചില തട്ടിക്കൂട്ടുകള്‍ ചെയ്യുകയും, അതുകാരണം പൊല്ലാപ്പിലായവരുമുണ്ട്. തെലങ്കാനയിലെ ഒരു യൂട്യൂബറായ കോടം പ്രണയ്കുമാര്‍ തന്റെ ചാനലിലെ വ്യൂവ്സ് കൂടാന്‍ ചെയ്ത വീഡിയോ അയ്യാള്‍ക്കു തന്നെ പാരയായി മാറി.
മയില്‍ കറി എങ്ങനെ തയ്യാറാക്കാം എന്നതിനെക്കുറിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് ഇയ്യാള് ആപ്പിലായത്. തെലങ്കാന സംസ്ഥാനത്തെ രാജന്ന സിര്‍സില്ല ജില്ലയിലാണ് സംഭവം. ഒരാള്‍ തന്റെ ചാനലില്‍ മയില്‍ക്കറി പാകം ചെയ്യുന്ന വിധം വീഡിയോ പോസ്റ്റ് ചെയ്തതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തങ്കല്ലപ്പള്ളി ഗ്രാമത്തിലെത്തി ഇയാളുടെ വീട്ടില്‍ നിന്ന് കറി കണ്ടെടുത്തു. കറി സാമ്പിള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. ഞായറാഴ്ചയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കോടം പ്രണയ് കുമാറിനെ കസ്റ്റഡിയിലെടുത്തതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. യൂട്യൂബ് വീഡിയോ നീക്കം ചെയ്തതിട്ടുണ്ട്. ഒരു സംരക്ഷിത ജീവിയെ കൊല്ലുന്നത് പ്രോത്സാഹിപ്പിക്കുന്നതിനാലാണ് വീഡിയോ നീക്കം ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫോറന്‍സിക് പരിശോധനയ്ക്കായി പ്രാദേശിക വനംവകുപ്പ് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി സിര്‍സില്ല പോലീസ് സൂപ്രണ്ട് (എസ്പി) അഖില്‍ മഹാജന് പറഞ്ഞു. യൂട്യൂബറുടെ രക്തസാമ്പിളുകളും കറിയും ലാബില്‍ പരിശോധനയ്ക്ക് അയച്ചു. സാമ്പിളുകള്‍ പരിശോധിച്ചാല്‍ മയിലിന്റെ ഇറച്ചി പോസിറ്റീവായാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
Content Highlights; A young man killed a peacock to get views on YouTube