നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം നടത്തിയതിന് ‘ചെകുത്താൻ’ എന്ന യുട്യൂബ് ചാനല്‍ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. ഇപ്പോഴിതാ പൊതുസമൂഹത്തില്‍ നിന്ന് പ്രസ്തുത വിഷയത്തില്‍ കൈയടിയാണല്ലോ ലഭിച്ചതെന്ന ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയാണ് സിദ്ദിഖ്.
“അത് ശ്രദ്ധിച്ചിരുന്നു. അത്തരം കമന്റുകള്‍ വരുമ്പോഴും ഞാന്‍ ഭയക്കുന്നത് നമ്മുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ച വന്നാലും എതിരെയുള്ള ഒരുപാട് കമന്റുകള്‍ വരാന്‍ സാധ്യതയുണ്ട്. എന്ത് കാര്യവും ചെയ്യുമ്പോള്‍ സൂക്ഷിച്ച് ചെയ്യണം. നമ്മള് ഒരു കാര്യം ചെയ്തു എന്ന് പറയുന്നത് വലിയ കാര്യമായി എനിക്ക് തോന്നുന്നില്ല. ഞാന്‍ പരാതി കൊടുത്തതുപോലെ ആര് കൊടുത്താലും ഇതേ നിയമനടപടികള്‍ തന്നെ ഉണ്ടാവുമായിരുന്നു. സംഘടനയുടെ നേതൃസ്ഥാനത്ത് ഇരുന്നതുകൊണ്ടാണ് എനിക്ക് അത് ചെയ്യേണ്ടിവന്നത്. അത്രയധികം പൊതുശല്യമായി ആളുകള്‍ക്ക് തോന്നിയതുകൊണ്ടാണ് ഞങ്ങള്‍ക്ക് അനുകൂലമായി കമന്റുകള്‍ ഉണ്ടായത്. ഇപ്പോള്‍ നല്ല കമന്റ് വരുന്നതുപോലെ മോശം കമന്റ് വരാനും ഒരു പ്രവര്‍ത്തി മതി. അതിനാല്‍ത്തന്നെ വളരെ സൂക്ഷിച്ചാണ് സംസാരവും പ്രവര്‍ത്തിയും. സംഘടനയുടെ സ്ഥാനത്തിരിക്കുമ്പോള്‍ പറയുന്ന അഭിപ്രായങ്ങളും മറ്റും ഒരു വ്യക്തിയുടേതെന്ന രീതിയില്‍ മാത്രമാവില്ല ആളുകള്‍ എടുക്കുക”, സിദ്ദിഖ് പറഞ്ഞുനിര്‍ത്തി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴി എന്ന പുതിയ ചിത്രത്തിന്റെ വാര്‍ത്താസമ്മേളനത്തിലായിരുന്നു സിദ്ദിഖിനോടുള്ള ചോദ്യവും മറുപടിയും.
ഭാരതീയ ന്യായ സംഹിത 192, 236 (ബി), കേരള പൊലീസ് ആക്റ്റ് 2011 120(0) വകുപ്പുകള്‍ പ്രകാരമാണ് അജു അലക്സിന് എതിരായ കേസ്. മോഹന്‍ലാലിന്റെ ആരാധകരില്‍ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിന്റെ പരാമര്‍ശമെന്ന് തിരുവല്ല പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നു. അതേ സമയം നിരൂപണമെന്ന പേരില്‍ സിനിമാപ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന യുട്യൂബര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് താരസംഘടനയുടെ തീരുമാനം.
content highlight: sidhique-about-public-reaction-for-youtuber-chekuthan